മമത പക്ഷത്തെ വെട്ടി സ്പീക്കർ, ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്, തൃണമൂൽ പിളരുന്നു, സംസ്ഥാന കമ്മിറ്റിയടക്കം പിരിച്ചുവിട്ടു

മമത പക്ഷത്തെ വെട്ടി സ്പീക്കർ, ബംഗാളിൽ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്, തൃണമൂൽ പിളരുന്നു, സംസ്ഥാന കമ്മിറ്റിയടക്കം പിരിച്ചുവിട്ടു

പശ്ചിമബംഗാളിൽ മമത ബാനർജി പക്ഷത്തെ വെട്ടി വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ആകെ 80 എം.എൽ.എമാരിൽ 59 പേരുടെ ഭൂരിപക്ഷ പിന്തുണ രേഖപ്പെടുത്തിയ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ അടിയന്തര നടപടി. ഇതോടെ മമത ബാനർജിയുടെ നേതൃത്വം തള്ളിയ വിമത വിഭാഗം തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന അവകാശവാദത്തിൽ നിർണായക വിജയം നേടി. ശോഭൻദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്ന മമത പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി.

പാർട്ടി സ്ഥാപിച്ചതിന്റെ 28-ാം വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിലേക്കാണ് തൃണമൂൽ കോൺഗ്രസ് നീങ്ങുന്നത്. പുറത്താക്കപ്പെട്ട എം.എൽ.എമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും ചേർന്നാണ് വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം മമത ബാനർജി വിളിച്ച യോഗത്തിൽ 8 എം.എൽ.എമാരും 6 എം.പിമാരും മാത്രമാണ് പങ്കെടുത്തത്. മമത പക്ഷത്തിന്റെ ബലം കുറഞ്ഞതോടെ പാർട്ടി ചിഹ്നത്തിലടക്കം അവകാശവാദമുന്നയിച്ച് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് വിമതരുടെ അടുത്ത നീക്കം.

പ്രതിസന്ധി രൂക്ഷമായതോടെ പോഷക സംഘടനകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ പാർട്ടി കമ്മിറ്റികളും പിരിച്ചുവിട്ടതായി ഔദ്യോഗിക തൃണമൂൽ നേതൃത്വം അറിയിച്ചു. വിശദമായ വിലയിരുത്തലുകൾക്ക് ശേഷമേ പുനസംഘടന ഉണ്ടാകൂ. അതേസമയം, മമതയുടെ രാഷ്ട്രീയ അടിത്തറ തകർക്കാൻ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പി നീക്കങ്ങൾ സജീവമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിയും സ്പീക്കറും ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഈ സാഹചര്യത്തിലാണ്.

Share Email
LATEST excelnclexrn
Top