സ്വപ്നങ്ങളുടെ അമേരിക്കയും… വാര്‍ദ്ധക്യത്തിന്റെ നിശബ്ദതയും…

സ്വപ്നങ്ങളുടെ അമേരിക്കയും… വാര്‍ദ്ധക്യത്തിന്റെ നിശബ്ദതയും…

ഡോ. രഞ്ജിത് പിള്ള

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്, കേരളത്തിന്റെ ചെറിയ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ആയിരക്കണക്കിന് മലയാളികള്‍ ഒരു വലിയ സ്വപ്നവുമായി അമേരിക്കയിലേക്ക് യാത്ര തിരിച്ചു. വിമാനത്താവളത്തില്‍ കണ്ണീരോടെ വിടപറഞ്ഞ മാതാപിതാക്കളും, പ്രതീക്ഷകളുമായി കൈവീശിയ സഹോദരങ്ങളും, മനസ്സില്‍ നിറയെ സ്വപ്നങ്ങളും മാത്രമായിരുന്നു അവരുടെ സമ്പാദ്യം.അമേരിക്ക എന്നത് അന്ന് ഒരു രാജ്യം മാത്രമായിരുന്നില്ല. അത് ഒരു സ്വപ്നമായിരുന്നു. ഒരു ജീവിതലക്ഷ്യമായിരുന്നു. സ്വന്തം കുടുംബത്തെ ഉയര്‍ത്താനും, മക്കള്‍ക്ക് നല്ല ഭാവി നല്‍കാനും, നാട്ടിലെ ദാരിദ്ര്യത്തില്‍ നിന്നും പരിമിതികളില്‍ നിന്നും പുറത്തുകടക്കാനുമുള്ള ഒരു വലിയ പ്രതീക്ഷയായിരുന്നു.

അവര്‍ കഠിനമായി അധ്വാനിച്ചു. രാവും പകലും ജോലി ചെയ്തു. പലരും രണ്ടും മൂന്നും ജോലികള്‍ വരെ ചെയ്തു. ഉറക്കമില്ലാത്ത രാത്രികളും, അവധിയില്ലാത്ത ദിവസങ്ങളും അവര്‍ അതിജീവിച്ചു. അങ്ങനെ അവര്‍ വീടുകള്‍ വാങ്ങി. മക്കളെ മികച്ച സര്‍വകലാശാലകളില്‍ പഠിപ്പിച്ചു. ജീവിതം പതുക്കെ വിജയത്തിലേക്ക് നടന്നു.അതോടൊപ്പം അവര്‍ മറ്റൊരു മനോഹരമായ കാര്യവും ചെയ്തു.ഒരുമിച്ച് കൂടാന്‍, മലയാളം സംസാരിക്കാന്‍, ഓണവും വിഷുവും ആഘോഷിക്കാന്‍, സ്വന്തം സംസ്‌കാരത്തെ സംരക്ഷിക്കാന്‍ അവര്‍ സംഘടനകള്‍ രൂപീകരിച്ചു. ഫൊക്കാന, ഫോമ, കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക, വേള്‍ഡ് മലയാളി കൗണ്‍സില്‍, അനവധി പ്രാദേശിക അസോസിയേഷനുകള്‍… അങ്ങനെ അമേരിക്കയിലെ മലയാളികളുടെ സാമൂഹിക ജീവിതം സമ്പന്നമായി.

ആ സംഘടനകളുടെ വേദികളില്‍ അവര്‍ പാടി, നൃത്തം ചെയ്തു, ചിരിച്ചു, സൗഹൃദങ്ങള്‍ പങ്കുവെച്ചു. അനേകം നേതാക്കള്‍ ജനിച്ചു. അനേകം സമ്മേളനങ്ങള്‍ നടന്നു. മലയാളിത്തത്തിന്റെ കൊടി അവര്‍ അമേരിക്കയുടെ മണ്ണില്‍ ഉയര്‍ത്തിപ്പിടിച്ചു.

പക്ഷേ…

ഒരു കാര്യം മാത്രം അവര്‍ ചിന്തിച്ചില്ല.ആ സംഘടനകള്‍ സൃഷ്ടിച്ചപ്പോള്‍ അവര്‍ എല്ലാവരും ചെറുപ്പമായിരുന്നു. അവര്‍ക്ക് ആരോഗ്യവും ഊര്‍ജവും ഉണ്ടായിരുന്നു. ഒരു ദിവസം തങ്ങള്‍ക്കും വാര്‍ദ്ധക്യം വരുമെന്ന് അവര്‍ മറന്നു. ഇന്ന് ആ തലമുറയിലെ പലരും എഴുപതും എണ്‍പതും കടന്നിരിക്കുകയാണ്.ഇന്ന് അവരുടെ മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു.
”ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഓടി. കുടുംബത്തിനുവേണ്ടി ഓടി. സമൂഹത്തിനുവേണ്ടി ഓടി. സംഘടനകള്‍ക്കുവേണ്ടി ഓടി. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്കുവേണ്ടി ആരുണ്ട്?”

അമേരിക്കയിലെ പല നഴ്‌സിംഗ് ഹോമുകളുടെയും മുറികളില്‍ ഇന്ന് നിശബ്ദമായി ഇരിക്കുന്ന ചില മലയാളി മുഖങ്ങള്‍ ഈ ചോദ്യം ദിവസവും സ്വയം ചോദിക്കുന്നുണ്ട്.അവരില്‍ ഒരാള്‍ ഒരുപക്ഷേ ഇങ്ങനെ പറയുന്നുണ്ടാകാം:”ഒരിക്കല്‍ ഞാന്‍ എന്റെ മക്കളെ കൈപിടിച്ചു നടത്തിച്ചു. അവരെ പഠിപ്പിച്ചു. വളര്‍ത്തി. നല്ല നിലയിലാക്കി. ഇന്ന് അവര്‍ വിജയിച്ചിരിക്കുന്നു. അവരെ ഞാന്‍ കുറ്റം പറയുന്നില്ല. അവരുടെ ജീവിതം തിരക്കുള്ളതാണ്. അവരുടെ കുടുംബങ്ങളുണ്ട്. അവരുടെ ഉത്തരവാദിത്തളുണ്ട്.

സത്യത്തില്‍ ഞാന്‍ തന്നെയല്ലേ ഒരിക്കല്‍ എന്റെ അച്ഛനെയും അമ്മയെയും വിട്ട് അമേരിക്കയിലേക്ക് വന്നത്?അവരുടെ വാര്‍ദ്ധക്യത്തിലെ ഏകാന്തത എത്രമാത്രം ഞാന്‍ മനസ്സിലാക്കിയിരുന്നു?അപ്പോള്‍ ഇന്ന് എന്റെ മക്കളെ കുറ്റപ്പെടുത്താന്‍ എനിക്ക് എന്തവകാശം?”ആ ചിന്ത തന്നെയാണ് ഏറ്റവും വേദനാജനകം. ഇന്ന് ഒരു നഴ്‌സിംഗ് ഹോമിലെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ഇരിക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ ഒരു വലിയ ആഗ്രഹം മാത്രമേ ഉണ്ടാകൂ.ഒരു തവണ നാട്ടിലെ ഭക്ഷണം കഴിക്കണം.ഒരു തവണ മലയാളത്തില്‍ കുറച്ചുനേരം സംസാരിക്കണം.ഒരു തവണ ഓണസദ്യയുടെ മണവാസന അനുഭവിക്കണം.ഒരു തവണ ബാല്യകാല കഥകള്‍ ആരോടെങ്കിലും പറയണം.പക്ഷേ ഇപ്പോള്‍ ആഹാരം പാകം ചെയ്യാന്‍ കൈകള്‍ക്ക് ശക്തിയില്ല.മനസ്സില്‍ ആഗ്രഹമുണ്ട്.പക്ഷേ ശരീരം സഹകരിക്കുന്നില്ല.സ്വപ്നങ്ങള്‍ ഒരിക്കല്‍ ആകാശം കീഴടക്കിയിരുന്നു.ഇന്ന് ആ സ്വപ്നങ്ങളുടെ ഓര്‍മ്മകള്‍ മാത്രമാണ് കൂട്ടായി അവശേഷിക്കുന്നത്.ഇത് ആരുടെയെങ്കിലും പരാജയത്തിന്റെ കഥയല്ല.ഇത് ഒരു തലമുറയുടെ ജീവിതസത്യം ആണ്.

നമ്മള്‍ വീടുകള്‍ പണിതു.ബിസിനസുകള്‍ വളര്‍ത്തി.സംഘടനകള്‍ സ്ഥാപിച്ചു.പക്ഷേ നമ്മള്‍ പ്രായമാകുമ്പോള്‍ നമ്മളെ ചേര്‍ത്തുപിടിക്കാന്‍ കഴിയുന്ന ഒരു ”സ്‌നേഹഭവനം” പണിയാന്‍ നമ്മള്‍ മറന്നു.അമേരിക്കയിലെ മലയാളി സമൂഹം ഇന്ന് ചിന്തിക്കേണ്ട ഏറ്റവും വലിയ ചോദ്യം ഇതാണ്.നാളെ നമ്മള്‍ എവിടെയായിരിക്കും?നമ്മുടെ വാര്‍ദ്ധക്യം എങ്ങനെയായിരിക്കും?നമ്മുടെ ഭാഷ സംസാരിക്കുന്ന, നമ്മുടെ ഭക്ഷണം വിളമ്പുന്ന, നമ്മുടെ ഓര്‍മ്മകള്‍ കേള്‍ക്കുന്ന, നമ്മുടെ കൈ പിടിക്കുന്ന ഒരു ഇടം നമുക്കുണ്ടാകുമോ?അല്ലെങ്കില്‍ നമ്മളും ഒരിക്കല്‍ ഒരു ജനലരികില്‍ ഇരുന്ന് പഴയ ചിത്രങ്ങള്‍ നോക്കി നിശബ്ദമായി കണ്ണുനീര്‍ തുടയ്‌ക്കേണ്ടി വരുമോ?സമയം ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ഇന്ന് നമ്മള്‍ തീരുമാനിച്ചാല്‍ നാളെയുടെ തലമുറയ്ക്കും നമുക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന ഒരു സംവിധാനമുണ്ടാക്കാന്‍ കഴിയും.കാരണം വാര്‍ദ്ധക്യം ഒരു രോഗമല്ല.അത് ജീവിതത്തിന്റെ അവസാന അധ്യായമാണ്.ആ അധ്യായം ഏകാന്തതയുടെയും നിശബ്ദതയുടെയും കഥയാകരുത്.അത് സ്‌നേഹത്തിന്റെയും കരുതലിന്റെയും മാന്യതയുടെയും കഥയാകണം. ഒരിക്കല്‍ അമേരിക്കയെ സ്വപ്നം കണ്ട തലമുറയ്ക്ക്,
അവരുടെ അവസാന കാലത്ത്,അമേരിക്കയിലും ഒരു ”വീട്” ഉണ്ടാകണം.അവിടെ അവര്‍ അതിഥികളല്ല…അവര്‍ സ്വന്തം ആളുകളായിരിക്കണം.

The America of dreams… and the silence of old age…

Share Email
Top