വാഷിംഗടണ്‍: മാസങ്ങളായി തുടരുന്ന ഇറാന്‍- അമേരിക്ക സംഘര്‍ഷം പരിഹിക്കുന്നതിനായുള്ള സമാധാക കരാര്‍ സംബന്ധിച്ച തീരുമാനം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന ശ്രമങ്ങള്‍ ഇനിയും നീണ്ടു പോയാല്‍ അതില്‍ ഇറാന്‍ വലിയ വില നല്‌കേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഎസ് ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. മേഖലയിലെ വിവിധ രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം നടത്തിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തില്ലെന്ന സൂചനയും ശക്തമായി.
യുഎസ് സൈനിക താവളങ്ങളുള്ള ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണം നേരിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്, ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് ഇരുപക്ഷവും തമ്മില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ ഉണ്ടായത്.ഇറാനിലെ പാലങ്ങളും വൈദ്യുതി സംവിധാനങ്ങളും ആക്രമിക്കുമെന്ന് നടത്തിയ ഭീഷണികള്‍ നടപ്പാക്കുമോയെന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സമാധാന കരാറിന് വളരെ അടുത്തെത്തിയിരുന്നു, പക്ഷേ ഇറാന്‍ നീട്ടിക്കൊണ്ടുപോകുകയാണെന്നും ട്രംപ് ആരോപിച്ചു.
യുദ്ധം അവസാനിപ്പിക്കാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ധാരണയിലെത്താമെന്ന് തിങ്കളാഴ്ച സൂചിപ്പിച്ച ട്രംപ്, ഇപ്പോള്‍ വീണ്ടും ആക്രമണ ഭീഷണി ഉയര്‍ത്തിയതോടെ അദ്ദേഹത്തിന്റെ നിലപാട് മാറ്റവും ശ്രദ്ധേയമായി. ആഴ്ചകളായി ബോംബാക്രമണങ്ങള്‍ നേരിട്ടിട്ടും ഇറാന്‍ പ്രതിരോധം തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ കഴിയുമെന്നതാണ് ഇറാന്റെ സമ്മര്‍ദ്ദ തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജോര്‍ദാന്റെ മുവാഫഖ് സാല്‍ത്തി വ്യോമതാവളത്തെ ലക്ഷ്യമിട്ട അഞ്ച് മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായാണ് ജോര്‍ദാന്‍ അറിയിച്ചത്. അമേരിക്കന്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിമാനങ്ങള്‍ ഇവിടെ നിലയുറപ്പിച്ചിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജോര്‍ദാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പെട്ര റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനും കുവൈത്തും തങ്ങളുടെ ഭാഗത്തേക്ക് വന്ന ആക്രമണങ്ങള്‍ തടഞ്ഞതായി അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഇറാന്റെ ഒരു മിസൈല്‍ വടക്കന്‍ ഇസ്രയേലിലെ റാമത് ഡേവിഡ് വ്യോമതാവളത്തില്‍ പതിച്ചതായും, നിര്‍ണായകമല്ലാത്ത ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അമേരിക്കന്‍ ആക്രമണങ്ങള്‍ ഇറാന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. തുര്‍ക്കി, സൗദി അറേബ്യ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളിലായിരുന്നു പരാമര്‍ശം. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള നിലപാട് പുനഃപരിശോധിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായി അറിയിച്ചു.
ഇതിനിടെ, അമേരിക്കയുമായി കൂടിയാലോചന നടത്തിയതിന് ശേഷം ഖത്തറില്‍ നിന്നുള്ള ഒരു പ്രതിനിധിസംഘം ബുധനാഴ്ച ടെഹ്‌റാനിലെത്തി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ഇറാനിയന്‍ ഡ്രോണുമായി കൂട്ടിയിടിച്ച് തകര്‍ന്നുവീണതിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നത്. കൂട്ടിയിടി മനഃപൂര്‍വമായിരുന്നോ എന്നത് വ്യക്തമല്ല.
Trump says Iran will pay a heavy price if peace deal implementation is delayed















