വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ വ്യാപക പിന്തുണയോടെ പാസായ ചരിത്രപരമായ ഭവന നിർമ്മാണ ബില്ലിൽ ഒപ്പിടില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ടുവെച്ച വോട്ടിംഗ് പരിഷ്‌കരണ നിയമമായ ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബില്ലിൽ ഒപ്പുവെക്കുന്നതിൽ നിന്ന് ട്രംപ് പിന്മാറിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന് അടിയന്തരമായി ആവശ്യമായ നിയമനിർമാണമാണ് ‘സേവ് അമേരിക്ക ആക്ട്’ എന്നും അത് പാസാകുന്നതുവരെ ഭവന ബില്ലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനവും ഒപ്പിടൽ ചടങ്ങും മാറ്റിവെക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
“സേവ് അമേരിക്ക ആക്ട് ഒരു ദേശീയ അടിയന്തരാവശ്യമായി ഞാൻ കാണുന്നു. അത് പാസാക്കുന്നതുവരെ ഭവന ബില്ലുമായി മുന്നോട്ടുപോകാനാവില്ല,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ബുധനാഴ്ച കാപ്പിറ്റോൾ ഹില്ലിൽ നടന്ന ചടങ്ങിൽ ഭവന ബില്ലിൽ ട്രംപ് ഒപ്പിടുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അമേരിക്കയിൽ ഭവന ലഭ്യത വർധിപ്പിക്കുകയും സാധാരണക്കാർക്ക് സ്വന്തമായി വീട് ലഭ്യമാക്കാനുള്ള സാധ്യതകൾ വിപുലീകരിക്കുകയും ചെയ്യുന്ന സുപ്രധാന നിയമനിർമാണമായാണ് ബില്ലിനെ വിലയിരുത്തിയിരുന്നത്. ട്രംപിന്റെ പ്രസ് സെക്രട്ടറിയും ഇതിനെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭവന പദ്ധതികളിലൊന്നായി വിശേഷിപ്പിച്ചിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ‘സേവ് അമേരിക്ക ആക്ട്’ അതിനേക്കാൾ പ്രാധാന്യമുള്ള വിഷയമാണെന്നാണ് ട്രംപിന്റെ പുതിയ നിലപാട്. റിപ്പബ്ലിക്കൻ സെനറ്റർമാർ ഫിലിബസ്റ്റർ നടപടിക്രമം അവസാനിപ്പിച്ച് നിയമം പാസാക്കാനുള്ള നീക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സെനറ്റിൽ ആവശ്യമായ പിന്തുണ ലഭിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് റിപ്പബ്ലിക്കൻ നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ ഥൂൺ ഇതിനാവശ്യമായ ഭൂരിപക്ഷം നിലവിൽ ഇല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ട്രംപ് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സൂചിപ്പിച്ചു.
ഡെമോക്രാറ്റുകൾ വീണ്ടും അധികാരത്തിലെത്തിയാൽ ഫിലിബസ്റ്റർ സംവിധാനം ആദ്യഘട്ടത്തിൽ തന്നെ അവസാനിപ്പിക്കുമെന്നും അതിന് മുമ്പ് റിപ്പബ്ലിക്കൻമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഭവന ബില്ലിൽ ഒപ്പിടൽ ചടങ്ങ് റദ്ദാക്കിയെങ്കിലും റിപ്പബ്ലിക്കൻ സെനറ്റർമാരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയ്ക്കായി ട്രംപ് ബുധനാഴ്ച കാപ്പിറ്റോൾ ഹിൽ സന്ദർശിക്കുമെന്നാണ് വിവരം. ട്രംപിന്റെ പുതിയ നീക്കം കോൺഗ്രസിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകിയിരിക്കുകയാണ്.















