ആഗോള താപനില ഉയരും, കനത്ത ജാഗ്രത വേണം; എൽ നിനോ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി

ആഗോള താപനില ഉയരും, കനത്ത ജാഗ്രത വേണം; എൽ നിനോ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസി
Share Email

ഈ വർഷം ലോകമെമ്പാടും താപനില കുത്തനെ ഉയരുമെന്ന ശക്തമായ ജാഗ്രത മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (WMO). പസഫിക് സമുദ്രത്തിൽ അതിവേഗം രൂപപ്പെടുന്ന എൽ നിനോ (El Niño) പ്രതിഭാസമാണ് ആഗോള കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടും. നവംബർ മാസം വരെ എൽ നിനോ തുടരാൻ സാധ്യതയുണ്ടെന്നും സമുദ്രത്തിന്റെ അടിത്തട്ടിൽ 50 മുതൽ 150 മീറ്റർ വരെ ആഴത്തിൽ താപനില ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചതായും ഡബ്ല്യുഎംഒ വ്യക്തമാക്കുന്നു.

മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയിലുണ്ടാകുന്ന അസാധാരണമായ വർദ്ധനവാണ് എൽ നിനോ പ്രതിഭാസത്തിന് വഴിതെളിക്കുന്നത്. ഇത് ആഗോളതലത്തിൽ വരും മാസങ്ങളിൽ കടുത്ത ഉഷ്ണതരംഗങ്ങൾക്കും വരൾച്ചയ്ക്കും വൻ പ്രകൃതിക്ഷോഭങ്ങൾക്കും കാരണമായേക്കാം. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തവണ വരൾച്ചയ്ക്കും കാലവർഷത്തിൽ കുറവുണ്ടാകാനുമുള്ള സാധ്യത പ്രവചിക്കപ്പെടുമ്പോൾ, മധ്യേഷ്യയിൽ കനത്ത മഴയ്ക്കും പ്രളയത്തിനുമാണ് സാധ്യത കൽപ്പിക്കുന്നത്. കൂടാതെ പസഫിക് സമുദ്രത്തിൽ ശക്തമായ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും ഇത് കാരണമാകും.

നേരത്തെ 2024 ലാണ് ലോകത്ത് അവസാനമായി ശക്തമായ എൽ നിനോ പ്രതിഭാസം അനുഭവപ്പെട്ടത്. എൽ നിനോയും മനുഷ്യൻ പ്രകൃതിയിൽ വരുത്തിയ വ്യതിയാനങ്ങളും ഒന്നിച്ചുചേർന്നതോടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024 മാറിയിരുന്നു. സമാനമായ രീതിയിൽ വരും മാസങ്ങളിലും കാലാവസ്ഥാ വ്യതിയാനം കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലോകരാജ്യങ്ങൾ കൃഷി, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മുൻകൂർ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കണമെന്ന് യുഎൻ കാലാവസ്ഥാ ഏജൻസി ആവശ്യപ്പെട്ടു.

Share Email
Top