പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം തള്ളിക്കൊണ്ട് യുഎസ് സുപ്രീം കോടതി അമേരിക്കയിൽ ജനിച്ചവർക്കുള്ള പൗരത്വം (birthright citizenship) ശരിവെച്ചു. യുഎസിൽ നിയമവിരുദ്ധമായോ താൽക്കാലികമായോ താമസിക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് പൗരത്വം നിഷേധിക്കാൻ ലക്ഷ്യമിട്ട് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ചൊവ്വാഴ്ച കോടതി നിരസിച്ചു.
അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഭൂരിഭാഗം പേർക്കും പൗരത്വത്തിനുള്ള അവകാശം നിലനിർത്താൻ, ഭരണകാലയളവിന്റെ അവസാന ദിനത്തിൽ 6-3 ഭൂരിപക്ഷത്തോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. നേരത്തെ കീഴ്ക്കോടതികളും ഈ നീക്കം തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് എഴുതിയ ഭൂരിപക്ഷ വിധിന്യായത്തിലാണ് സുപ്രീം കോടതി ഇതിനോട് യോജിച്ചത്.
ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ സിറ്റിസൺഷിപ്പ് ക്ലോസ് (പൗരത്വ വകുപ്പ്) പ്രകാരം, യുഎസിൽ നിയമവിരുദ്ധമായോ താൽക്കാലികമായോ താമസിക്കുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നിയമപരിധിയിൽ വരുന്നവരും ജനനാലെ തന്നെ പൗരന്മാരുമാണെന്ന് ജോൺ റോബർട്ട്സ് കുറിച്ചു.
“പൗരത്വം എന്നത് അന്നും ഇന്നും അവകാശങ്ങൾ ലഭിക്കാനുള്ള അവകാശമാണ്, നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശമാണ്. പതിനാലാം ഭേദഗതിയുടെ ശില്പികൾ ഈ വാഗ്ദാനം ഈ നാട്ടിൽ സ്വതന്ത്രമായി ജനിക്കുന്ന ഓരോ വ്യക്തിക്കും നൽകിയിട്ടുണ്ട്. ഇന്ന് നമ്മൾ ആ വാഗ്ദാനം പാലിക്കുന്നു,” അദ്ദേഹം എഴുതി.
1868 മുതലുള്ള ഭരണഘടനാ തത്വംഅമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയെ തകിടം മറിച്ചുകൊണ്ട്, യു എസിൽ ജനിക്കുന്ന ഭൂരിഭാഗം ആളുകൾക്കും പൗരത്വം നൽകുന്നത് അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിച്ചത്. നിലവിലുള്ള നിയമം ഒരു നാണക്കേടാണെന്ന് ട്രംപും, ലോകത്തിലെ ഏറ്റവും മണ്ടൻ കുടിയേറ്റ നയമാണിതെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും മുൻപ് വിമർശിച്ചിരുന്നു. എന്നാൽ, വിദേശ നയതന്ത്രജ്ഞരുടെ കുട്ടികൾ ഉൾപ്പെടെയുള്ള ചില പരിമിതമായ ഒഴിവുകളൊഴിച്ചാൽ, മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും യു എസിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അർഹതയുണ്ടെന്ന 1868 മുതലുള്ള ഭരണഘടനാ തത്വം കോടതി ഉയർത്തിപ്പിടിക്കുകയായിരുന്നു.വർഷത്തിൽ രണ്ടര ലക്ഷത്തിലധികം കുഞ്ഞുങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഉത്തരവ്. ട്രംപിന്റെ വിശ്വസ്തരായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ, സെക്കൻഡ് ലേഡി ഉഷ വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ കുടിയേറ്റക്കാരുടെ മക്കളായി അമേരിക്കയിൽ ജനിച്ചതിലൂടെ ഈ ജന്മാവകാശ പൗരത്വത്തിന്റെ ആനുകൂല്യം ലഭിച്ചവരാണെന്നതും ഈ കേസിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിധി വന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്കാണ് സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടിയേറ്റിരിക്കുന്നത്.
















