പ്രവേശനത്തോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന അയിത്തം ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ രംഗത്ത്. കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്കായി താൻ സ്വന്തമായി വാങ്ങിക്കൊണ്ടുപോയ മിഠായിയാണ് വിതരണം ചെയ്തതെന്നും മറ്റാരും ഏൽപ്പിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ജാതി വിദ്വേഷത്തിന്റെ നിറം നൽകാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്കൂളിൽ എത്തിയപ്പോൾ മന്ത്രി എത്തിയതിനാലും പരിപാടി തുടങ്ങാൻ വൈകുമെന്നതിനാലും വേഗത്തിൽ വിതരണം പൂർത്തിയാക്കാനാണ് ഓരോ മേശയിലും ഒരുമിച്ച് മിഠായി നൽകിയതെന്ന് മുരളീധരൻ വിശദീകരിച്ചു. ഓരോ കുട്ടിക്കും വെവ്വേറെ നൽകാൻ നിന്നാൽ മറ്റുള്ളവർ കാത്തുനിൽക്കേണ്ടി വരുമായിരുന്നു. ഈ ചെറിയ കാര്യത്തെയാണ് ദേശാഭിമാനിയും മറ്റ് മാധ്യമങ്ങളും ചേർന്ന് വലിയ വിവാദമാക്കിയതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ പോലും കൊടുംവിഷം കുത്തിനിറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകിയിട്ടും സിപിഎമ്മിന്റെ കണ്ണുതുറന്നിട്ടില്ലെന്ന് വി. മുരളീധരൻ പരിഹസിച്ചു. നിയമസഭ തല്ലിത്തകർത്ത വി. ശിവൻകുട്ടിയിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ എംഎൽഎ വ്യക്തമാക്കി.















