വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്; തുടരന്വേഷണത്തിന് ഏഴംഗ പ്രത്യേക സംഘം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ കുരുക്ക് മുറുക്കി ആഭ്യന്തര വകുപ്പ്; തുടരന്വേഷണത്തിന് ഏഴംഗ പ്രത്യേക സംഘം
Share Email

വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കോഴിക്കോട് റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. മനോഹരനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ഈ കേസ്. വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് ആഭ്യന്തര വകുപ്പിന് മേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാനുള്ള അടിയന്തര നീക്കം സർക്കാർ നടത്തിയിരിക്കുന്നത്.

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനത്തിൽ’ പുനരന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വടകര കേസിലും ആഭ്യന്തര വകുപ്പ് എസ്.ഐ.ടി. രൂപീകരിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലത്തെ വിവാദ കേസുകളിൽ പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർശന നടപടികളിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.

Share Email
LATEST excelnclexrn
More Articles
Top