വാഷിംഗ്ടൺ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ഒപ്പുവെച്ച നയതന്ത്ര ധാരണാപത്രത്തെക്കുറിച്ച് അമേരിക്കൻ കോൺഗ്രസിന് വളരെ പെട്ടെന്ന് തന്നെ ഔദ്യോഗികമായി വിശദീകരണം നൽകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ കരാറിനെതിരെ യുഎസിൽ കടുത്ത വിമർശനങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ നീക്കം. വൈറ്റ് ഹൗസ് പ്രസ് ബ്രീഫിംഗ് റൂമിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
കരാറിന്റെ ഒപ്പിട്ട ഔദ്യോഗിക പകർപ്പ് ജനപ്രതിനിധികൾക്ക് ഉടൻ ലഭ്യമാക്കുമെന്നും, വിഷയം കൈകാര്യം ചെയ്യുന്ന സർക്കാർ സംഘം കോൺഗ്രസ് അംഗങ്ങളെ നേരിട്ട് കണ്ട് അവരുടെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ചയിൽ അനൗദ്യോഗികമായി ചില ജനപ്രതിനിധികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, സഭ ചേരുന്ന മുറയ്ക്ക് ഔദ്യോഗിക വിശദീകരണത്തിന്റെ തീയതി നിശ്ചയിക്കുമെന്നും വാൻസ് അറിയിച്ചു.
അതേസമയം, ഡോണാൾഡ് ട്രംപ് ഒപ്പുവെച്ച ഈ താൽക്കാലിക സമാധാന ഉടമ്പടിക്കെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖ സെനറ്റർമാർ തന്നെ പരസ്യമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തിന് തലവേദനയായിട്ടുണ്ട്. ഇറാന് തങ്ങളുടെ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കാനായി 300 ബില്യൺ ഡോളറിന്റെ ഫണ്ട് അനുവദിക്കാനുള്ള തീരുമാനം വലിയൊരു ‘അബദ്ധം’ ആണെന്ന് ടെക്സാസിൽ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് മുന്നറിയിപ്പ് നൽകി.













