സെൻസർ ബോർഡുമായുള്ള നിയമതർക്കത്തെത്തുടർന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കാത്ത ദളപതി വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും വലിയ വിവാദങ്ങളിൽ നിറയുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ, സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചത് സിനിമാ ലോകത്ത് വൻ അത്ഭുതത്തിനും ആശങ്കയ്ക്കും വഴിവെച്ചിരുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ സിനിമ ഇത്തരത്തിൽ ഇന്റർനെറ്റിൽ ചോർന്നത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും സിനിമാ വ്യവസായത്തിനും വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട കേസിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ‘ജനനായകൻ’ ഓണ്‍ലൈനില്‍ കണ്ടു എന്ന് ചെന്നൈ പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് പ്രൊസിക്യൂഷൻ ഈ ഞെട്ടിക്കുന്ന കണക്കുകൾ കോടതിക്ക് മുന്നിൽ സമർപ്പിച്ചത്. ഡിജിറ്റൽ ലോകത്തെ ഈ വ്യാജപ്രചരണത്തിന്‍റെ വ്യാപ്തിയും സൈബർ കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി കർശനമായി തള്ളി.
വ്യാജപതിപ്പ് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ചിത്രത്തിന്‍റെ ഔദ്യോഗിക റിലീസിനായുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണ്. സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പുതിയ സൂചനകൾ. ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് ഉടൻ തന്നെ നൽകിയേക്കുമെന്ന് നിർമാതാക്കളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. സെൻസർ നടപടികൾ പൂർത്തിയാകുന്നതോടെ ചിത്രം വൈകാതെ തന്നെ നിയമപരമായി തിയേറ്ററുകളിൽ എത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും.














