pulimoottil

പത്തനംതിട്ടയിൽ വീണ്ടും ഷിഗെല്ല; ആറന്മുളയിൽ എട്ടു വയസ്സുകാരിക്ക് രോഗബാധ, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

പത്തനംതിട്ടയിൽ വീണ്ടും ഷിഗെല്ല; ആറന്മുളയിൽ എട്ടു വയസ്സുകാരിക്ക് രോഗബാധ, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ആറന്മുള എഴിക്കാട് പ്രദേശത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത എഴിക്കാട് ഉന്നതി കോളനിയിലെ 10 വയസ്സുകാരിയുടെ സമീപവാസിയായ 8 വയസ്സുകാരിയ്ക്കാണ് ഇപ്പോൾ രണ്ടാമതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇതേ പ്രദേശത്തെ 10 വയസ്സുകാരിക്ക് ജില്ലയിലെ ആദ്യ ഷിഗെല്ല കേസ് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ സമീപവാസിയായ കുട്ടിക്കാണ് ഇപ്പോൾ വീണ്ടും രോഗബാധയുണ്ടായിരിക്കുന്നത്. ഹോട്ടലിൽ നിന്ന് വാങ്ങിയ പഴകിയ പൊറോട്ട കഴിച്ചതാണ് ആദ്യത്തെ കുട്ടിക്ക് രോഗമുണ്ടാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.

പ്രതിരോധ നടപടികൾ പാളിയോ എന്ന് ആശങ്ക

ഒരേ പ്രദേശത്ത് തന്നെ വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികൾ പാളിയോ എന്ന ആശങ്ക പ്രദേശവാസികൾക്കിടയിൽ ശക്തമായിട്ടുണ്ട്. എന്നാൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തയുടൻ തന്നെ എഴിക്കാട് ഉന്നതി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും ഊർജ്ജിതമാക്കിയിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
പഴകിയതോ തണുത്തതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലോ എത്തിച്ച് ചികിത്സ തേടുക.

Share Email
Top