രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണിൽ ലേബർ പാർട്ടി നേതാവ് ആൻഡി ബേണം തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഒരു വ്യാഴവട്ടക്കാലത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ച് 2024-ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കെയ്ർ സ്റ്റാർമറിന്, സ്വന്തം പാർട്ടി എംപിമാരുടെ പിന്തുണ നഷ്ടമായതിനെ തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ രാജിവെക്കേണ്ടി വന്നിരുന്നു. ബ്രെക്സിറ്റ് പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ ആറ് പ്രധാനമന്ത്രിമാർ പാതിവഴിയിൽ പടിയിറങ്ങിയ ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാഷ്ട്രീയ അസ്ഥിരതയിൽ നിന്നും കരകയറ്റുമെന്ന വലിയ പ്രതീക്ഷയിലാണ് പുതിയ പ്രധാനമന്ത്രിയായി ആൻഡി ബേണം ചുമതലയേൽക്കുന്നത്.
2001-ൽ ആദ്യമായി പാർലമെന്റിലെത്തിയ ബേണം, ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ എന്നിവരുടെ മന്ത്രിസഭകളിൽ ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുൻപ് ലേബർ പാർട്ടി നേതൃസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നെങ്കിലും, 2017-ൽ പാർലമെന്റ് വിട്ട് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായി തിളങ്ങിയതോടെയാണ് അദ്ദേഹം പാർട്ടിക്ക് വലിയ പ്രതീക്ഷയായി മാറിയത്. വടക്കൻ ഇംഗ്ലണ്ടിന്റെ വികസനത്തിനായി നിലകൊണ്ടതിലൂടെ ‘കിംഗ് ഓഫ് ദി നോർത്ത്’ എന്ന വിളിപ്പേര് നേടിയ അദ്ദേഹം, ബ്രിട്ടന് വേണ്ടി തനിക്കൊരു കൃത്യമായ പദ്ധതിയുണ്ടെന്ന് (ഐ ഹാവ് എ പ്ലാൻ) പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കിക്കഴിഞ്ഞു.
അധികാരം ലണ്ടനിൽ മാത്രം കേന്ദ്രീകരിക്കുന്ന പതിറ്റാണ്ടുകളായുള്ള ഭരണരീതിക്ക് വിരാമമിട്ട്, പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസായ ‘നമ്പർ 10 ഡൗണിങ് സ്ട്രീറ്റി’ന്റെ ഒരു പ്രധാന വിഭാഗം മാഞ്ചസ്റ്ററിലേക്ക് മാറ്റി ‘നമ്പർ 10 നോർത്ത്’ സ്ഥാപിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനമാണ് ബേണം നടത്തിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണവും പ്രാദേശിക സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്നതാണ് അദ്ദേഹത്തിന്റെ നയങ്ങൾ. എന്നാൽ ബേണത്തിന്റെ ആശയങ്ങൾ പുതിയതല്ലെന്നും നികുതി ഇളവുകൾക്കും വ്യവസായ പ്രോത്സാഹനത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
















