ടെഹ്‌റാൻ: ഇറാന്റെ തീരദേശ മേഖലയായ ജാസ്ക് കൗണ്ടിയിലെ ബൂഞ്ചി ഗ്രാമത്തിലുള്ള കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ യുഎസ് നടത്തിയ മിസൈലാക്രമണത്തിൽ ജലവിതരണ സംവിധാനം പൂർണ്ണമായി തകർന്നു. ആക്രമണത്തെ തുടർന്ന് മേഖലയിലെ ഇരുപതോളം ഗ്രാമങ്ങളിലെ പതിനായിരത്തോളം വരുന്ന ജനങ്ങളുടെ കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചതായി ഹോർമോസ്ഗാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ കമ്പനി സിഇഒ ഹംസ പോർ വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്ക നടത്തിയത് കടുത്ത ഭീകരാക്രമണവും യുദ്ധക്കുറ്റവുമാണെന്ന് ഹംസ പോർ കുറ്റപ്പെടുത്തി. ബൂഞ്ചി പ്ലാന്റിലേക്ക് കടലിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന സ്റ്റേഷനും അവിടുത്തെ കൂറ്റൻ പവർ ട്രാൻസ്ഫോർമറും യുഎസ് വ്യോമാക്രമണത്തിൽ പൂർണ്ണമായും തകർന്നിരിക്കുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ തകർന്നതോടെ ഈ ഗ്രാമങ്ങളിലെ ജനങ്ങൾ വരും ദിവസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്നും ജനങ്ങളുടെ ജീവനെപ്പോലും ബാധിക്കുന്ന ഇത്തരം ക്രൂരതകളിൽ നിന്ന് യുഎസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കടുത്ത ജനരോഷമാണ് ഉയരുന്നത്.
















