pulimoottil

അമേരിക്കന്‍ സൈനീകരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഇറാന് സഹായമാകുന്നുവോ? ഫോണുകള്‍ പിടിച്ചെടുക്കാന്‍ ആലോചന

അമേരിക്കന്‍ സൈനീകരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഇറാന് സഹായമാകുന്നുവോ? ഫോണുകള്‍ പിടിച്ചെടുക്കാന്‍ ആലോചന

വാഷിംഗട്ണ്‍: ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ യുഎസ് സൈനീകര്‍ പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നുവെന്ന ആശങ്കയില്‍ അമേരിക്കന്‍ സൈന്യം. ഈ സാഹചര്യത്തില്‍ മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം അതീവ ഗൗരവമുള്ളതിനാല്‍ ചില സൈനികരോട് ഉടന്‍ തന്നെ മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സൈനികര്‍ക്ക് നല്‍കിയ മുന്നറിയിപ്പില്‍, നിരുപദ്രവമെന്ന് തോന്നുന്ന ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പോലും ഇറാന് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഫലം തല്‍ക്ഷണം വിലയിരുത്താന്‍ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. യുദ്ധസാഹചര്യത്തില്‍ സാധാരണ ലഭിക്കാനിടയില്ലാത്ത വിവരങ്ങളാണ് ഇത്തരം പോസ്റ്റുകളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോര്‍ദാനില്‍ വിന്യസിച്ചിരിക്കുന്ന ചില അമേരിക്കന്‍ സൈനികരോട് അടുത്ത ദിവസങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുമെന്നു അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയിലെ മറ്റ് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലും സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം, കുടുംബാംഗ ങ്ങളുമായി ബന്ധപ്പെടാന്‍ ഫോണുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് സൈനികരെ ഇത്തരം നിയന്ത്രണങ്ങള്‍ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ജൂലൈ 17-ന് ജോര്‍ദാനിലെ മുവാഫഖ് സാല്‍ട്ടി എയര്‍ബേസിന് നേരെയുണ്ടായ ഇറാനിയന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനിടെ, ഒരു അമേരിക്കന്‍ സൈനികന്‍ മെറ്റയുടെ സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ ബങ്കറിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സംഭവമാണ് പുതിയ ആശങ്കയ്ക്ക് കാരണമായത്. ഇത്തരം ദൃശ്യങ്ങള്‍ ആക്രമണത്തിന്റെ ഫലവും സൈനികരുടെ നീക്കങ്ങളും ശത്രുരാജ്യത്തിന് വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് അഡ്മിറല്‍ കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ആക്രമണങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്താ റിപ്പോര്‍ട്ടുകളും ഇറാന് സൗജന്യമായി യുദ്ധനാശനഷ്ട വിലയിരുത്തല്‍ ലഭ്യമാക്കുന്നതിന് തുല്യമാണെന്ന് കൂപ്പര്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത് അമേരിക്കന്‍ സൈനികരുടെയും ഗള്‍ഫ് മേഖലയിലെ സാധാരണ ജനങ്ങളുടെയും ജീവന്‍ അപകടത്തിലാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Are American soldiers’ Instagram posts aiding Iran? Consideration being given to confiscating phones.

Share Email
Top