pulimoottil

വയനാട് കള്ളാടി ദുരന്തഭൂമി മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കും

വയനാട് കള്ളാടി ദുരന്തഭൂമി മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിക്കും

മണ്ണിടിച്ചിലുണ്ടായ വയനാട് കള്ളാടിയിലെ ദുരന്തബാധിത പ്രദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർക്കൊപ്പമെത്തിയ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പിലുള്ളവരെയും മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെയും നേരിൽകണ്ട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

ദുരന്തമേഖലയിൽ രാത്രിയിലും തിരച്ചിൽ ഊർജ്ജിതമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രണ്ട് സോണുകളിൽ തിരച്ചിൽ പൂർത്തിയായതായും മൂന്നാം സോണിലും പുഴയിലും ഇന്ന് രാത്രിയോടെ തന്നെ തിരച്ചിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളാടിയിൽ വളരെ ചെറിയൊരു പ്രദേശത്താണ് ഈ അപകടമുണ്ടായതെന്നും ഇത് വയനാട് ജില്ലയിലാകെ ബാധിച്ച ഒന്നായി ചിത്രീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്താനും നാളെത്തന്നെ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിർമാണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മ പരിശോധന നടത്തും. വയനാട് ടൗൺഷിപ്പിൽ മാറ്റിയിട്ടിരിക്കുന്ന മണ്ണ് കൂന അപകടസാധ്യത ഉയർത്തുന്നതിനാൽ അത് അടിയന്തരമായി നീക്കാൻ നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ നിർമാണം തുടരാൻ അനുമതി നൽകൂ.

മനുഷ്യജീവനും സ്വത്തിനും മുൻഗണന നൽകിക്കൊണ്ട് മാത്രമായിരിക്കും തുരങ്കപാത നിർമാണം തുടരുക. യോഗത്തിൽ പങ്കെടുക്കാതിരുന്ന കരാർ കമ്പനി പ്രതിനിധികളുടെ വീഴ്ച പരിശോധിക്കുകയും ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യും. പ്രകൃതി ദുരന്തത്തിൽ വീട് തകർന്നവരുടെ പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ണ് നീക്കാൻ കളക്ടർ നൽകിയ നിർദേശം സമയബന്ധിതമായി നടപ്പിലാക്കാത്തത് ഗൗരവമായി പരിശോധിക്കും. പോലീസ് അന്വേഷണവും ഇതിനൊപ്പം നടക്കും. പ്രദേശവാസികൾ ആഗ്രഹിക്കുന്ന തുരങ്കപാത സുരക്ഷിതമായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മുന്നോട്ടുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top