നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുമായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ സി.ജെ.പി. നേതൃത്വം അഭ്യർത്ഥിച്ചു. ആരോഗ്യം മോശമാകുന്ന സാഹചര്യത്തിൽ രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് സി.ജെ.പി. നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച നേതാക്കൾ, ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സി.ജെ.പി. പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കി.
അതേസമയം സി.ജെ.പി.-കേന്ദ്രസർക്കാർ ചർച്ചയ്ക്കുള്ള സാധ്യതകൾ വീണ്ടും മങ്ങിയിരിക്കുകയാണ്. സർക്കാർ ഓഫീസുകളിലോ മന്ത്രിമാരുടെ വസതികളിലോ ചർച്ചയ്ക്ക് പോകില്ലെന്നും നിഷ്പക്ഷമായ വേദി ലഭിച്ചാൽ മാത്രമേ ചർച്ചയ്ക്ക് എത്തുകയുള്ളൂവെന്നും സി.ജെ.പി. നേതാവ് സൗരവ് ദാസ് അറിയിച്ചു. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായതാണ് ഈ തീരുമാനത്തിന് കാരണം. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് വേദി നിർദേശിച്ചെങ്കിലും കേന്ദ്രം അതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മറുഭാഗത്ത്, പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഏതുസമയത്തും ചർച്ചയാകാമെന്ന് സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കിയെങ്കിലും സർക്കാരിന്റെ വാഗ്ദാനം പ്രതിപക്ഷം തള്ളി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കാതെ സഭയിൽ സമരം അവസാനിപ്പിക്കില്ലെന്നും മന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരുമ്പോൾ ചർച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ.














