ബ്രസൽസ്: ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചും വിവരങ്ങൾ മറച്ചുവെക്കാൻ ഭരണകൂടത്തെ സഹായിച്ചതിനും അഞ്ച് ഇറാനിയൻ ജഡ്ജിമാർക്കും പ്രമുഖ സൈബർ സംഘത്തിന്റെ തലവനുമെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യൂറോപ്യൻ യൂണിയൻ. ഇറാനിലെ ‘ആഷിയാനെ’ എന്ന സൈബർ ഗ്രൂപ്പിന്റെ സ്ഥാപകനായ നിമ സ്വാലിഹിക്കെതിരെയാണ് ഉപരോധം. ഇയാൾ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായും ഇയു പട്ടികയിലുള്ള സൈബർ പൊലീസുമായും അടുത്ത ബന്ധം പുലർത്തുന്നതായും ഇയു കൗൺസിൽ അറിയിച്ചു.
എന്നാൽ, പുതിയതായി ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ച് ജഡ്ജിമാരുടെ പേരുകൾ ഇയു പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. ടെഹ്റാൻ ആഭ്യന്തര അടിച്ചമർത്തലുകൾ ശക്തമാക്കുമ്പോൾ, അതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഇയു തുടരുമെന്ന് വിദേശകാര്യ മേധാവി കാജ കല്ലാസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഇതുവരെ 269 വ്യക്തികൾക്കും 53 സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമെതിരെയാണ് യൂറോപ്യൻ യൂണിയൻ ഇറാൻ വിഷയത്തിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്.
















