pulimoottil

ന്യൂയോര്‍ക്കിലും ബോസ്റ്റണിലും ഫിലാഡല്‍ഫിയയിലും ചൂട് മുന്നറിയിപ്പ്

ന്യൂയോര്‍ക്കിലും ബോസ്റ്റണിലും ഫിലാഡല്‍ഫിയയിലും ചൂട് മുന്നറിയിപ്പ്

വാഷിംഗടണ്‍: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നിലക്കെ യുഎസിലെ പല മേഖലകളിലും ചൂട് അസഹനീയമായി ഉയരുന്നു. കിഴക്കന്‍ തീരപ്രദേശങ്ങളിലുടനീളം അതിശക്തമായ ചൂട് വ്യാപിച്ചതോടെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ നഗരങ്ങളില്‍ അതീവ ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 38 ഡിഗ്രി താപനിലയാണ് പ്രവചിച്ചിരിക്കുന്നത്. വ്യാഴാഴ്ചയോടെ ഫിലാഡല്‍ഫിയയിലും ബോസ്റ്റണിലും താപനില 100 ഫാരന്‍ഹീറ്റ് (38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍) കടക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മധ്യപടിഞ്ഞാറന്‍ മേഖല മുതല്‍ കിഴക്കന്‍ തീരംവരെ വ്യാപിച്ചുകിടക്കുന്ന ‘ഹീറ്റ് ഡോം’ പ്രതിഭാസമാണ്  കടുത്ത ചൂടിന് കാരണം.  ഇതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡുകള്‍, കപ്പല്‍ പ്രദക്ഷിണങ്ങള്‍, തുറസ്സായ സംഗീതപരിപാടികള്‍, ബോസ്റ്റണിലെ ചരിത്രപ്രസിദ്ധമായ ബാല്‍ക്കണിയില്‍ നിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം പൊതുവേദിയില്‍ വായിക്കുന്ന ചടങ്ങ് എന്നിവയെല്ലാം കനത്ത ചൂടിന്റെ നിഴലിലാകും.

അതിശക്തമായ ചൂട് തുടരുന്ന പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി ജനങ്ങളോട് കഴിയുന്നത്ര വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചു.ന്യൂയോര്‍ക്കിലെ ഹാംപ്റ്റണ്‍ബര്‍ഗില്‍ ജൂനിയര്‍ ആര്‍.ഒ.ടി.സി. കേഡറ്റുകളെ കൊണ്ടുപോയ ബസിലെ എയര്‍ കണ്ടീഷന്‍ തകരാറിലായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മുന്‍കരുതലെന്ന നിലയില്‍ ചിലരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഓറഞ്ച് കൗണ്ടി അധികൃതര്‍ അറിയിച്ചു

തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെ കടുത്ത ചൂടിനോട് പൊരുത്തപ്പെടാനുള്ള ശേഷി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ  ജനങ്ങള്‍ക്ക് ഇല്ല. അതിനാല്‍ താരതമ്യേന കുറഞ്ഞ താപനിലയില്‍ തന്നെ ശരീരത്തില്‍ ചൂട് മൂലമുള്ള ക്ഷീണം  ഉണ്ടാകാനും ഗുരുതരമായ സാഹചര്യങ്ങളില്‍ ഹീറ്റ് സ്‌ട്രോക്ക് വരെ സംഭവിക്കാനും സാധ്യത കൂടുതലാണെന്നു അധികൃതര്‍ വ്യക്തമാക്കി.

പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് അപകടസാധ്യത കൂടുതലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ന്യൂയോര്‍ക്ക് നഗരത്തില്‍ ഭവനരഹിതരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി 200-ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവര്‍ ത്തകരുടെയും സംഘങ്ങളെ നിയോ ഗിച്ചു.ന്യൂ യോര്‍ക്കിലെ അമേരിക്കന്‍ കെനല്‍ ക്ലബ്ബിന്റെ ‘മ്യൂസിയം ഓഫ് ദ ഡോഗ്’ സന്ദര്‍ശകര്‍ക്ക് ഞായറാഴ്ച വരെ സ്വന്തം വളര്‍ത്തുനായകളെയും അകത്തേക്ക് കൊണ്ടുവന്ന് തണലും തണുപ്പും ലഭ്യമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Heat warnings for New York, Boston, and Philadelphia.

Share Email
LATEST excelnclexrn
More Articles
Top