കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആർ. സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് ജയിൽ വളപ്പിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. നേരത്തെ നടത്തിയ സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 കൗൺസിലർമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന സുഗതന്, കാപ്പ കേസിൽ തടവിലായതിനാൽ കോർപ്പറേഷനിൽ എത്തി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിരുന്നില്ല. ജനവിധി മാനിച്ചാണ് കോടതി ഈ നടപടിക്ക് അനുമതി നൽകിയത്.
തിരുവനന്തപുരം മേയർ വി.വി. രാജേഷ് അടക്കമുള്ളവർ വിയ്യൂർ ജയിലിലെത്തി ചടങ്ങുകൾ പൂർത്തിയാക്കും. മിനിമം ഉദ്യോഗസ്ഥരെയും അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെയും മാത്രമേ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. കോർപ്പറേഷൻ ഭരണത്തിൽ നേരിയ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് ഈ ഉത്തരവ് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ ജയിലിൽ തുടരുന്നതിനാൽ തുടർന്നുള്ള കൗൺസിൽ യോഗങ്ങളിൽ ഹാജരാകാൻ സാധിക്കാത്തത് ഭാവിയിൽ അംഗത്വത്തിന് ഭീഷണിയായേക്കാം.
അതേസമയം ജയിലിൽ പോയി സത്യപ്രതിജ്ഞ ചെയ്യുന്നത് ബി.ജെ.പിക്ക് അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ വിമർശിച്ചു. കോടതി വിധി അംഗീകരിക്കുന്നുവെങ്കിലും മേയർ അടക്കമുള്ളവർ ജയിലിലേക്ക് പോകുന്നത് പിൻവാതിലിലൂടെയാണെന്നും, യോഗങ്ങൾ കൃത്യമായി നടക്കാത്തതിനാൽ സുഗതന് ഒടുവിൽ അംഗത്വം നഷ്ടമായി പുറത്തുപോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















