pulimoottil

ടെക്‌സസില്‍ 18 കാരന്‍ തടാകത്തില്‍ മുങ്ങിമരിച്ച സംഭവം: തെളിവ് നശിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ടെക്‌സസില്‍ 18 കാരന്‍ തടാകത്തില്‍ മുങ്ങിമരിച്ച സംഭവം: തെളിവ് നശിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

ടെക്‌സസ്: ടെക്‌സസില്‍ 18-കാരന്‍ തടാകത്തില്‍ മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിച്ചതിനു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കാസ് റോപ്പര്‍ (19), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് തെളിവ് നശിപ്പിക്കല്‍ എന്ന മൂന്നാംനിര കുറ്റം ചുമത്തി അറസ്റ്റിലായതെന്ന് ഡാലസ് പോലീസ് അറിയിച്ചു. ഡാനിയേല്‍ എര്‍വിംഗ് എന്ന യുവാവാണ് മുങ്ങി മരിച്ചത്. ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടില്‍ മുങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.

സംഭവത്തില്‍ സാക്ഷിമൊഴികള്‍ ശേഖരിക്കുകയും തെളിവുകള്‍ പരിശോധിക്കുകയും ഡാലസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസുമായി ചേര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ എര്‍വിിംഗ് മുങ്ങിമരിക്കുമ്പോള്‍ ലൂക്കാസ് റോപ്പറും പ്രായപൂര്‍ത്തിയാകാത്ത യുവാവും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവര്‍ അപകടം അധികൃതരെ അറിയിച്ചില്ലെന്നും പിന്നീട് എര്‍വിംഗിന്റെ ചില വസ്തുക്കള്‍ ഉപേക്ഷിച്ചെന്നും കണ്ടെത്തി.

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതായും കേസില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചു. ഏപ്രില്‍ 13-നാണ് റോവ്‌ലെറ്റ് പോലീസ് ഡാനിയല്‍ എര്‍വിങ്ങിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. അവസാനമായി ലൂക്കാസ് റോപ്പറിനും 17-കാരനായ മറ്റൊരു യുവാവിനുമൊപ്പമാണ് അദ്ദേഹത്തെ കണ്ടത്.മില്ലര്‍ റോഡിന് സമീപമുള്ള റെയില്‍വേ പാലത്തില്‍ നിന്ന് മൂന്നുപേരും ലേക്ക് റേ ഹബ്ബാര്‍ഡ് തടാകത്തിലേക്ക് ചാടിയെന്നും, ഇതിനിടെ എര്‍വിങ് മുങ്ങിമരിച്ചുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

എര്‍വിങ് മുങ്ങിമരിച്ചതിന് പിന്നാലെ റോപ്പറും മറ്റേ യുവാവും റോപ്പറിന്റെ വാഹനത്തില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും സത്യവാങ്മൂലത്തില്‍ പറയുന്നു.റോപ്പര്‍ എര്‍വിങ്ങിന്റെ വസ്ത്രങ്ങള്‍ പാലത്തിന് സമീപത്തെ മരങ്ങള്‍ക്കിടയിലേക്ക് എറിഞ്ഞുകളഞ്ഞതായും, റോപ്പറുടെ നിര്‍ദേശപ്രകാരം മറ്റേ യുവാവ് എര്‍വിങ്ങിന്റെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്ന് റോഡരികിലെ കുഴിയിലേക്ക് എറിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ആ പ്രായപൂര്‍ത്തിയാകാത്ത യുവാവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം കാണിച്ചുകൊടുത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണും ചില വസ്ത്രങ്ങളും കണ്ടെത്താനായി.

അന്വേഷണ ഉദ്യോഗസ്ഥരുമായി സ്വമേധയാ നടത്തിയ ചോദ്യംചെയ്യലില്‍, എര്‍വിങ് മുങ്ങിമരിച്ചതിന് ശേഷം താന്‍ ഭയന്നുപോയെന്നും തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും റോപ്പര്‍ സമ്മതിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു.എര്‍വിങ്ങിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് അറിയാമായിരുന്നതിനാലും താന്‍ പ്രശ്‌നങ്ങളില്‍പ്പെടാതിരിക്കാനുമാണ് തന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന എര്‍വിങ്ങുമായുള്ള എല്ലാ സന്ദേശങ്ങളും മറ്റ് ആശയവിനിമയ രേഖകളും മായ്ച്ചുകളഞ്ഞതെന്നും റോപ്പര്‍ സമ്മതിച്ചതായി രേഖകളില്‍ പറയുന്നു.

എര്‍വിങ്ങിന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുകയും മൊബൈല്‍ ഫോണിലെ ആശയവിനിമയ വിവരങ്ങള്‍ മായ്ച്ചുകളയുകയും ചെയ്തതിലൂടെ തെളിവ് നശിപ്പിച്ചെന്നാണ് റോപ്പര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, അന്വേഷണം തടസ്സപ്പെടുത്താന്‍ എര്‍വിങ്ങിന്റെ മൊബൈല്‍ ഫോണ്‍ റോഡരികിലെ കുഴിയിലേക്ക് എറിഞ്ഞതായും ഇരുവര്‍ക്കുമെതിരെ ആരോപണമുണ്ട്.

Incident involving the drowning death of an 18-year-old in a Texas lake: Two people, including a minor, arrested for destroying evidence.

Share Email
LATEST excelnclexrn
More Articles
Top