ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും കനത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് ഭാവിയിൽ ഇറാന്റെ നേതൃത്വത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയാൻ രാജ്യം ശക്തമായ പ്രതികാരത്തിന് തയ്യാറെടുക്കുകയാണെന്ന് ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ പ്രൊഫസറായ മൊസ്തഫ ഖോഷ്ചെഷ്മ് വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട്. “ഒരു ശക്തമായ തിരിച്ചടി നൽകിയില്ലെങ്കിൽ, ഇസ്രായേലും അമേരിക്കയും ഇറാന്റെ ഉന്നത നേതാക്കളെ തുടർച്ചയായി വധിക്കുന്നത് തുടരുമെന്നാണ് ഇറാനിയൻ സമൂഹം വിശ്വസിക്കുന്നത്,” ഖോഷ്ചെഷ്മ് പറഞ്ഞു.
2020-ൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ പ്രമുഖ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം, ഇറാന്റെ ഡിഫൻസ് കൗൺസിൽ സെക്രട്ടറിയും അന്തരിച്ച പരമോന്നത നേതാവ് ഖമേനിയുടെ അടുത്ത ഉപദേശകനുമായിരുന്ന അലി ഷംഖാനി ഉൾപ്പെടെയുള്ള നിരവധി പ്രമുഖ ഇറാനിയൻ നേതാക്കളാണ് തുടർച്ചയായി വധിക്കപ്പെട്ടത്.
“അതുകൊണ്ട് തന്നെ ഈ കൊലപാതക പരമ്പരയ്ക്ക് ഇവിടെ അറുതി വരുത്തേണ്ടതുണ്ട്. അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ തിരിച്ചടി നൽകി ഒരു പ്രതിരോധം തീർക്കാതെ ഈ സൈനിക നീക്കങ്ങൾ അവസാനിക്കാൻ പോകുന്നില്ല,” പ്രൊഫസർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ മേഖലയിൽ വലിയ രീതിയിലുള്ള പ്രത്യാക്രമണങ്ങൾക്ക് ഇറാൻ മുതിർന്നേക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
















