pulimoottil

ഹോർമുസ് കടലിടുക്കിൽ യുഎസ് പിന്തുണയുള്ള കപ്പലുകൾക്ക് ‘അപകടം’; രണ്ട് കപ്പലുകൾ ഇറാൻ തടഞ്ഞു, കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിൽ യുഎസ് പിന്തുണയുള്ള കപ്പലുകൾക്ക് ‘അപകടം’; രണ്ട് കപ്പലുകൾ ഇറാൻ തടഞ്ഞു, കടുത്ത മുന്നറിയിപ്പ്

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ നിർദ്ദേശപ്രകാരം അനധികൃത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇതിൽ രണ്ട് കപ്പലുകൾ “അപകടത്തിൽപ്പെട്ടതായും” ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേവി. അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ എത്തിയ ഈ നാല് കപ്പലുകളും തങ്ങളുടെ നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കുകയും, ഒപ്പം ഇറാന്റെ ‘ഹോർമുസ് കടലിടുക്ക് നിയന്ത്രണ കേന്ദ്രം’ നൽകിയ കർശനമായ മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്തതായി ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.

അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകൾ അപകടത്തിൽപ്പെട്ട് അതേ സ്ഥലത്തുതന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നുവെന്നും, ബാക്കി രണ്ട് കപ്പലുകൾ ഇറാന്റെ സൈനിക നടപടിയെ തുടർന്ന് ആ പാത ഉപേക്ഷിച്ച് തിരികെ പോയെന്നുമാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തത്. എന്നാൽ കപ്പലുകൾക്ക് നേരിട്ട അപകടത്തിന്റെ സ്വഭാവം എന്താണെന്ന് വ്യക്തമാക്കാൻ ഇറാൻ തയ്യാറായിട്ടില്ല. അമേരിക്കൻ ശത്രുക്കളുടെ വാക്കുകളിൽ വീണ് ഇത്തരം സുരക്ഷിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇനിയും സമാനമായ അപകടങ്ങൾ നേരിടേണ്ടി വരുമെന്ന് ഐആർജിസി പ്രസ്താവനയിലൂടെ കടുത്ത മുന്നറിയിപ്പ് നൽകി.

ജൂൺ മധ്യത്തിൽ വാഷിംഗ്ടണുമായി ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തിന് ശേഷവും, ഈ നിർണ്ണായക ജലപാതയുടെ പൂർണ്ണമായ അധികാരം തങ്ങൾക്കാണെന്ന നിലപാടിലാണ് ടെഹ്‌റാൻ. ഒമാൻ തീരത്തോട് ചേർന്നുള്ള പാതയ്ക്ക് പകരം ഇറാന്റെ തീരത്തോട് ചേർന്നുള്ള ഔദ്യോഗിക പാത മാത്രമേ കപ്പലുകൾ ഉപയോഗിക്കാവൂ എന്നാണ് ഇറാന്റെ കൽപ്പന. മുൻപ് പ്രഖ്യാപിച്ചത് പോലെ, മുൻകൂട്ടിയുള്ള അനുമതിയും ഏകോപനവുമില്ലാതെ ഒരു തുള്ളി എണ്ണയോ, ഗ്യാസോ, രാസവളങ്ങളോ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകൾക്ക് നേരെ മുൻപും ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ മേഖലയിലെ ആഗോള ഇന്ധന വിപണിയെയും ചരക്കുനീക്കത്തെയും വീണ്ടും കനത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Share Email
Top