ടെഹ്റാൻ: തങ്ങളുടെ പാലങ്ങളോ പവർ പ്ലാന്റുകളോ ആക്രമിക്കപ്പെട്ടാൽ പശ്ചിമേഷ്യയിൽ അമേരിക്കയുമായി ബന്ധമുള്ള പാലങ്ങളും ഊർജ്ജ നിലയങ്ങളും ഉൾപ്പെടെയുള്ള സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഇറാനുള്ളത് ഉറച്ച നിശ്ചയദാർഢ്യമാണെന്നും, ഈ പാത തങ്ങൾക്ക് നേർക്കുള്ള ഭീഷണിയാകാൻ ഇനി ഒരിക്കലും അനുവദിക്കില്ലെന്നും പേര് വെളിപ്പെടുത്താത്ത സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നിം’ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ആക്രമണം നടത്തുന്ന ഓരോ ഘട്ടത്തിലും ഇറാന്റെ ഓരോ പാലമോ പവർ പ്ലാന്റോ വീതം അമേരിക്ക ബോംബെറിഞ്ഞ് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.














