ടെഹ്‌റാൻ: രാജ്യത്തിന് നേരെ അമേരിക്കൻ സൈനിക ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഇറാൻ ജനത ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ജനങ്ങളോട് കടുത്ത ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തത്. ശത്രുവിനെതിരെയുള്ള പോരാട്ടത്തിൽ വിജയം കൈവരിക്കാൻ കേവലം ഒരു ധാർമ്മിക അല്ലെങ്കിൽ സാമൂഹിക ഉപദേശം എന്നതിലുപരി ‘വിശുദ്ധമായ ഐക്യം’ കാത്തുസൂക്ഷിക്കേണ്ടത് നിർണ്ണായകമായ ഒരു നിബന്ധനയാണെന്ന് ഗാലിബാഫ് വ്യക്തമാക്കി.
“വിപ്ലവത്തിന്റെ പരമോന്നത നേതാവിന്റെ ഈ മതപരവും ദേശീയവുമായ കൽപ്പന അനുസരിക്കേണ്ടത്, ദേശീയ പ്രതിരോധത്തിലും രാജ്യത്തിന്റെ ഭരണനിർവ്വഹണത്തിലും നമ്മുടെ ചരിത്രപരമായ പങ്കിന്റെ ഒരു പ്രധാന ഭാഗമായി നാം കണക്കാക്കണം,” – അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക ധാരണകൾക്കും പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനിയുടെ സന്ദേശങ്ങൾക്കും പിന്നാലെ രാജ്യത്തെ തീവ്ര നിലപാടുകാരിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് ഗാലിബാഫ് ഈ ഐക്യ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രതിരോധ തന്ത്രങ്ങളുടെ ഭാഗമായി സൈനിക കരുത്തിനൊപ്പം നയതന്ത്ര ചർച്ചകളും മുന്നോട്ട് കൊണ്ടുപോകുന്ന ഗാലിബാഫിന്റെ നയങ്ങൾക്കെതിരെ ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ നിലവിലെ അടിയന്തര സാഹചര്യത്തിൽ ആഭ്യന്തര തർക്കങ്ങൾ മറന്ന് പരമോന്നത നേതാവിന് കീഴിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് സ്പീക്കറുടെ കർശനമായ നിർദ്ദേശം.
















