ന്യൂയോർക്ക്: അമേരിക്ക ഇറാന് നേരെ നടത്തുന്ന സൈനിക ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമാധാന ധാരണാപത്രത്തിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ അമീർ സയീദ് ഇറവാനി മുന്നറിയിപ്പ് നൽകി. ജൂലൈ 7, 8 തീയതികളിൽ ഇറാന്റെ ദ്വീപുകൾക്കും തെക്കൻ നഗരങ്ങൾക്കും നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ യുഎൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎൻ രക്ഷാസമിതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇറാൻ അംബാസഡർ നിലപാട് വ്യക്തമാക്കിയത്. “അമേരിക്ക തങ്ങളുടെ കരാർ വ്യവസ്ഥകൾ ലംഘിക്കുന്നത് തുടരുകയാണെങ്കിൽ, ഈ ധാരണാപത്ര പ്രകാരമുള്ള ബാധ്യതകൾ പാലിക്കാൻ ഇറാനും ഇനി ബാധ്യസ്ഥരല്ല,” അദ്ദേഹം പറഞ്ഞു. എന്നാൽ, അമേരിക്ക ഈ കരാർ വ്യവസ്ഥകൾ പൂർണ്ണമായും വിശ്വസ്തതയോടെയും പാലിക്കാൻ തയ്യാറാകുന്നിടത്തോളം കാലം ധാരണാപത്രത്തോട് സഹകരിക്കാൻ ടെഹ്‌റാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താൽക്കാലിക സമാധാന കരാറാണ് അമേരിക്കൻ ആക്രമണത്തോടെ ഇപ്പോൾ വീണ്ടും തകർച്ചയുടെ വക്കിലെത്തിനിൽക്കുന്നത്.
















