pulimoottil

യുഎസ് മധ്യസ്ഥതയിലെ കരാർ വെറും കടലാസിലൊതുങ്ങി; ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു, നാല് മരണം

യുഎസ് മധ്യസ്ഥതയിലെ കരാർ വെറും കടലാസിലൊതുങ്ങി; ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു, നാല് മരണം

ബെയ്റൂട്ട്: ഇസ്രായേലും ലബനനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ഇപ്പോഴും വെറും പ്രഖ്യാപനമായി തുടരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് അതിർത്തി ഗ്രാമങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു. ഇസ്രായേൽ സൈന്യം പിൻവാങ്ങുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ലബനൻ സൈന്യം ഏറ്റെടുക്കണമെന്നും അവിടെയുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും തുടച്ചുനീക്കണമെന്നുമായിരുന്നു വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥ.

എന്നാൽ ലബനൻ ഗ്രാമങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യം ഇതുവരെ പിന്മാറിയിട്ടില്ലെന്ന് മാത്രമല്ല, ലബനൻ സൈന്യത്തെ അവിടെ വിന്യസിക്കാനും സാധിച്ചിട്ടില്ല. ഇതിനുപുറമേ കരാറിനോട് യോജിക്കാൻ ഹിസ്ബുള്ളയും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ഇസ്രായേൽ സൈന്യത്തിന് വേണ്ടി ലബനൻ സർക്കാർ കരാറിലൂടെ ചെയ്തുകൊടുക്കുകയാണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം.

ലബനൻ സൈന്യത്തെ ഉപയോഗിച്ച് തങ്ങളെ നിരായുധരാക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് ഹിസ്ബുള്ള വിശ്വസിക്കുന്നു. ഇതിനിടെ, നബാതിയ അൽ-ഫൗഖാ നഗരത്തിലുണ്ടായ ഏറ്റവും പുതിയ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. തങ്ങളുടെ തകർന്ന വീടുകൾ പരിശോധിക്കാനും മടങ്ങിവരാനുമായി എത്തിയ സാധാരണക്കാരാണ് ക്രൂരമായ ഈ ആക്രമണത്തിന് ഇരയായത്. അതിർത്തി ഗ്രാമങ്ങളിലേക്ക് ജനങ്ങൾ യാതൊരു കാരണവശാലും മടങ്ങിവരരുത് എന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ വ്യോമാക്രമണങ്ങളിലൂടെ ഇസ്രായേൽ നൽകുന്നത്. വാർത്തകൾ തുടരുന്നു.

Share Email
Top