കൊൽക്കത്ത: ചതിയൻമാരായ വിമതർ ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്നു തന്നോട് പൊരുതണമെന്നും അല്ലാതെ ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുതെന്നും മമത ബാനർജി. വിമത നീക്കത്തിൽ ആദ്യമായാണ് മമതയുടെ പരസ്യപ്രതികരണം. ബംഗാൾ ടി എം സി അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ പാർട്ടി വിട്ട സാഹചര്യത്തിൽ ടിഎംസി സംസ്ഥാന അധ്യക്ഷ സ്ഥാനം താൻ ഏറ്റെടുക്കുമെന്ന് മമത വ്യക്തമാക്കി. പാർട്ടി ചിഹ്നം തനിക്കും തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കൊപ്പവും തന്നെ തുടരുമെന്നും മമത വ്യക്തമാക്കി. തന്നെ തടയണമെങ്കിൽ രാഷ്ട്രീയ എതിരാളികൾക്ക് തന്നെ കൊല്ലേണ്ടി വരുമെന്നും മമത തുറന്നടിച്ചു. ചന്ദ്രിമ ഭട്ടാചാര്യയും പാർട്ടി വിട്ട് വിമതർക്കൊപ്പം ചേർന്നതോടെ ഏകദേശം പൂർണ്ണമായും തന്നെ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് മമത.
‘ചന്ദ്രിമ ഭട്ടാചാര്യ ഇന്ന് രാജിവെച്ചു’. മകൻ നേരത്തെ തന്നെ തൃണമൂൽ വിരുദ്ധ ചേരിക്കൊപ്പം ചേർന്നതിനാൽ നിലവിലെ സാഹചര്യം അവർ എന്നെ അറിയിച്ചിരുന്നുവെന്ന് മമത പറഞ്ഞു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിമതർ പാർട്ടി വിട്ടത്. “പക്ഷേ ഞാൻ ബി.ജെ.പിക്ക് മുന്നിൽ തലകുനിക്കില്ല, എന്റെ പാർട്ടി യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. പാർട്ടി ചിഹ്നം ഞാൻ നൽകിയതാണ്. 2026-ലെ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ നാമനിർദ്ദേശ പത്രികകളിൽ ഒപ്പുവെച്ചത് ഞാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ നിങ്ങൾ എങ്ങനെയാണ് വഞ്ചകരായത്? അതിനൊരു പരിധിയുണ്ടാകണം. നിങ്ങൾ ഇപ്പോൾ ബി.ജെ.പിക്കൊപ്പമാണ്. തൃണമൂലിന്റെ പ്രത്യയശാസ്ത്രം ബി.ജെ.പി വിരുദ്ധമായതിനാൽ ഇതിങ്ങനെ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മമത പറഞ്ഞു.
പാർട്ടിയുടെ 80 എം.എൽ.എമാരിൽ ഭൂരിഭാഗവും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പുതിയ വിഭാഗം രൂപീകരിക്കുകയും ലോക്സഭാ എം.പിമാർ മൂന്നാമതൊരു ചേരിയുണ്ടാക്കുകയും ചെയ്തതോടെയാണ് ‘യഥാർത്ഥ തൃണമൂൽ ആര്’ എന്ന തർക്കം രൂക്ഷമായത്.
















