വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ വലിയ മണ്ണടിച്ചിൽ ദുരന്തത്തിൽ മേപ്പാടി പൊലീസ് കേസെടുത്തു. ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടും അപകട മേഖലയിൽ നിന്നും മണ്ണ് നീക്കം ചെയ്യാൻ തയ്യാറാകാതിരുന്നതാണ് വലിയ ദുരന്തത്തിന് കാരണമായതെന്നും കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിതമാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപകടത്തിൽ ഇതുവരെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മൺകൂനകൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനും കാണാതായ മൂന്ന് പേരെ എത്രയും വേഗം പുറത്തെടുക്കാനുമുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് സംഘങ്ങളാണ് നിലവിൽ തെരച്ചിലിന് നേതൃത്വം നൽകുന്നത്. ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. നിലവിൽ അപകടത്തിൽ പരിക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം തുടർ അപകട സാധ്യതകൾ കണക്കിലെടുത്ത് കള്ളാടി മീനാക്ഷി എസ്റ്റേറ്റിൽ നിന്നുള്ള 21 കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവരെ നിലവിൽ ചുളിക്ക ജിഎൽപി സ്കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയിട്ടുള്ളത്. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിലെ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും പ്രദേശവാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ക്യാമ്പിൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
Meppadi Landslide: Police Register Case After 5 Deaths Confirmed; Search on for Missing Persons
















