മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഇറാൻ ക്രൂരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണെന്ന് ബഹ്‌റൈൻ സൈന്യം വ്യക്തമാക്കി. എന്നാൽ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതിരോധ ചുമതലകൾ നിറവേറ്റുന്നതിനുമായി സായുധ സേനയുടെ എല്ലാ വിഭാഗങ്ങളും യൂണിറ്റുകളും നിലവിൽ അതീവ ജാഗ്രതയിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇറാന്‍റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ഭരണകൂടം ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ബഹ്‌റൈൻ കുറ്റപ്പെടുത്തി.
അതേസമയം, മേഖലയിൽ സംഘർഷം കടുപ്പിച്ചുകൊണ്ട് ഇറാനിയൻ നഗരങ്ങൾക്ക് നേരെ അമേരിക്ക രാത്രിയിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇതിന് പിന്നാലെ തങ്ങളുടെ അതിർത്തികൾക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായതായി കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലാകെ യുദ്ധഭീതിയും കടുത്ത ആശങ്കയും നിലനിൽക്കുകയാണ്.
















