പ്രസാദ് തീയാടിക്കല്‍
ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്‌കാര ചടങ്ങുകള്‍ കൂടുതല്‍ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങള്‍ക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീല്‍ഡ് രൂപത പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കി. ബിഷപ്പ് തോമസ് ജോണ്‍ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുതിയ നിര്‍ദേശപ്രകാരം, അതേ ദിവസം തന്നെ ദര്‍ശനവും ശവസംസ്‌കാര തിരുക്കര്‍മ്മവും നടത്താന്‍ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്‌കാര ചടങ്ങില്‍ പറയുന്ന അനുസ്മരണ പ്രസംഗങ്ങള്‍ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമര്‍പ്പിക്കണം. പ്രസംഗം കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് നടത്താന്‍ അനുവാദമുണ്ടാകില്ല. അനുമതി ലഭിച്ചാല്‍ അത് വൈദികനോ ഡീക്കനോ വായിച്ചുകേള്‍പ്പിക്കുന്ന രീതിയിലായിരിക്കും.
സംസ്‌കാരശേഷം ശവദാഹം (ഇൃലാമശേീി) നടത്തിയാല്‍, ഭസ്മം വിഭജിക്കുകയോ ചിതറിക്കുകയോ ചെയ്യരുതെന്നും, നിശ്ചിത സമയത്തിനുള്ളില്‍ അനുയോജ്യമായ ശ്മശാനത്തിലോ വിശുദ്ധ സ്ഥലത്തോ സംസ്‌കരിക്കണമെന്നും രൂപത വീണ്ടും ഓര്‍മ്മിപ്പിച്ചു.
കത്തോലിക്കാ സഭയുടെ ‘ഓര്‍ഡര്‍ ഓഫ് ക്രിസ്ത്യന്‍ ഫ്യൂണറല്‍സ്’എന്ന ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങള്‍ നടപ്പാക്കുന്നതെന്ന് രൂപത വ്യക്തമാക്കി.
ലോസ് ആഞ്ചലസ്, യങ്സ്ടൗണ്‍, വൂസ്റ്റര്‍ തുടങ്ങിയ മറ്റ് കത്തോലിക്കാ രൂപതകളിലും സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ കത്തോലിക്കാ കുടുംബങ്ങള്‍ക്കും ശവസംസ്‌കാര സേവനദാതാക്കള്‍ക്കും ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
New regulations for funerals in the Catholic Church; restrictions on family eulogies.
















