ജോയ് തുമ്പമണ്‍, മീഡിയ കോര്‍ഡിനേറ്റര്‍
ഫിലദല്‍ഫിയ: ജൂലൈ 24 മുതല്‍ 26 വരെ നടക്കുന്ന പ്രഥമ ഐ.പി.സി. എന്‍.ആര്‍.ഐ. ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ഇനി ദിവസങ്ങള്‍ മാത്രം. നോര്‍ത്ത് ഈസ്റ്റ് ഫിലദല്‍ഫിയയിലെ ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചരിത്രസമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ആധുനിക സൗകര്യങ്ങള്‍, ആത്മീയ ഉണര്‍വ് പകരുന്ന ആരാധനാ യോഗങ്ങള്‍, ബൈബിള്‍ പഠനം, സെമിനാറുകള്‍, യുവജന-സഹോദരി സമ്മേളനങ്ങള്‍, സംഗീത ശുശ്രൂഷകള്‍ എന്നിവയോടെ സമ്പന്നമായ ആത്മീയ വിരുന്നായിരിക്കും കോണ്‍ഫറന്‍സ്.
വെള്ളിയാഴ്ച രാവിലെ ശുശ്രൂഷക സമ്മേളനത്തോടെയാണ് പ്രീ-കോണ്‍ഫറന്‍സിന് തുടക്കമാകുന്നത്. വൈകിട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഭാനേതാക്കളും വിശ്വാസികളും പങ്കെടുക്കും. ഐ.പി.സി. ജനറല്‍ പ്രസിഡന്റ് റവ. ഡോ. വല്‍സന്‍ ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിക്കും. ഗ്ലോബല്‍ സെക്രട്ടറി ഡോ. തോമസ് കിടങ്ങാലില്‍ സ്വാഗതം ആശംസിക്കും. റവ. ഡോ. വല്‍സന്‍ ഏബ്രഹാമും പാസ്റ്റര്‍ നൂറുദ്ദീന്‍ മുള്ളയും മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച ബൈബിള്‍ സ്റ്റഡിക്ക് ശേഷം യുവജന സമ്മേളനത്തിന് യൂത്ത് ഡയറക്ടര്‍ ബ്രദര്‍ അലക്‌സ് ചാണ്ടി നേതൃത്വം നല്‍കും. പാസ്റ്റര്‍ സ്റ്റീവ് ജോണ്‍ ദൈവവചനം ശുശ്രൂഷിക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ ”ലോകസുവിശേഷീകരണത്തിനായി യുവജനങ്ങളെ ഒരുക്കുക” എന്ന വിഷയത്തില്‍ റവ. ക്രിസ് ജാക്സണ്‍, ബ്രദര്‍ ബിമല്‍ ജോണ്‍ എന്നിവര്‍ സംസാരിക്കും. പാസ്റ്റര്‍ ഡോ. ആല്‍വിന്‍ ഡേവിഡ് അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ അക്സ പീറ്റേഴ്സണ്‍ മുഖ്യപ്രഭാഷണം നടത്തും. ലേഡീസ് കോര്‍ഡിനേറ്റര്‍ ഷെര്‍ലി ചാക്കോ മുഖ്യപ്രഭാഷകയെ പരിചയപ്പെടുത്തും. സിസ്റ്റര്‍ ലാലി ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സിസ്റ്റര്‍ മേഴ്സി ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും ചെയ്യും.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡോ. തോമസ് കിടങ്ങാലില്‍ അധ്യക്ഷത വഹിക്കും. റവ. നൂറുദ്ദീന്‍ മുള്ള, ഡോ. ബേബി വറുഗീസ്, റവ. ഡോ. ക്രിസ് ജാക്സണ്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും.
ഞായറാഴ്ച രാവിലെ വിശുദ്ധ സഭായോഗത്തില്‍ റവ. ഡോ. മോനീസ് ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡോ. ബേബി വറുഗീസും റവ. ഡോ. വല്‍സന്‍ ഏബ്രഹാമും പ്രസംഗിക്കും. ഡോ. സണ്ണി ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയെക്കുറിച്ച് സന്ദേശം നല്‍കും. ഗ്ലോബല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് മാത്യു തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശുശ്രൂഷകര്‍ സഹകരിക്കും.
സമ്മേളനത്തിന്റെ സമാപനത്തില്‍ ഗ്ലോബല്‍ ട്രഷറര്‍ ഏബ്രഹാം ബേബി കൃതജ്ഞത രേഖപ്പെടുത്തും.
സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ മാര്‍ക്ക് ത്രിഭുവന്‍ (മുംബൈ), സിസ്റ്റര്‍ രമ്യ സാറാ ജേക്കബ് (കേരളം), സിസ്റ്റര്‍ ആന്‍സി ഫന്നി (കാനഡ) എന്നിവര്‍ ഐ.പി.സി. എന്‍.ആര്‍.ഐ. വര്‍ഷിപ്പ് ടീമിനൊപ്പം നേതൃത്വം നല്‍കും.
ലോകമെമ്പാടുമുള്ള ഐ.പി.സി. വിശ്വാസികളെ ഒരേ വേദിയില്‍ ഒന്നിപ്പിച്ച് സുവിശേഷീകരണത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശക്തമായ ആഗോള കൂട്ടായ്മ രൂപപ്പെടുത്തുക എന്നതാണ് ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു,
Only a few days left for the IPC NRI Global Conference.
















