pulimoottil

ആസൂത്രണ ബോർഡ് നിയമന വിവാദം: പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്

ആസൂത്രണ ബോർഡ് നിയമന വിവാദം: പരീക്ഷാ രേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്
Share Email

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്ക് പിഎസ്‍സി നടത്തിയ വിവാദ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷാ രേഖകൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും രേഖകൾ നൽകാൻ വിസമ്മതിച്ച പിഎസ്‍സിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് കമ്മീഷന്റെ ഈ നിർണായക നീക്കം. പിഎസ്‍സിക്ക് കനത്ത തിരിച്ചടിയായ ഈ ഉത്തരവിലൂടെ നിയമന പ്രക്രിയയിലെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും.

പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും മാർക്ക് പട്ടിക, ഉത്തരക്കടലാസിന്റെ പകർപ്പ്, അഭിമുഖത്തിന് നൽകിയ മാർക്കിന്റെ വിവരങ്ങൾ എന്നിവ അപേക്ഷകർക്ക് കൈമാറാനാണ് നിർദ്ദേശം. ഉത്തരവ് പുറപ്പെടുവിച്ച് 7 ദിവസത്തിനകം ഈ രേഖകളെല്ലാം അപേക്ഷ നൽകിയവർക്ക് ലഭ്യമാക്കണം. പരീക്ഷയിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിച്ചില്ലെന്ന ഗുരുതരമായ വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

രേഖകൾ പൂർണ്ണമായി പുറത്തുവരുന്നതോടെ പരീക്ഷയിലും തുടർന്നുള്ള നിയമന നടപടികളിലും കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരും. ഉദ്യോഗാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണാനും പിഎസ്‍സി നടപടികളിലെ സുതാര്യത ഉറപ്പുവരുത്താനും വിവരാവകാശ കമ്മീഷന്റെ ഈ ഇടപെടൽ വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share Email
Top