pulimoottil

‘അമ്മ’ കൂട്ടത്തകർച്ചയിലേക്കോ? രേവതിയും പത്മപ്രിയയും രാജിവെച്ചു; പടിയിറങ്ങൽ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമെന്ന് നടിമാർ

‘അമ്മ’ കൂട്ടത്തകർച്ചയിലേക്കോ? രേവതിയും പത്മപ്രിയയും രാജിവെച്ചു; പടിയിറങ്ങൽ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമെന്ന് നടിമാർ
Share Email

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. നിലവിൽ സംഘടനയിൽ നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല തങ്ങളുടെ രാജിയെന്ന് ഇരുവരും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ദശാബ്ദകാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയ്ക്കുള്ളിൽ നിന്ന് പോരാടിയെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു തങ്ങൾക്ക് മറുപടിയായി ലഭിച്ചതെന്ന് ഇവർ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമ്മ സംഘടനയിൽ ഉണ്ടായ കൂട്ടരാജികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന് ഇരുവരും വിമർശിച്ചു. വിഷയം കഴിഞ്ഞ് പൊതുശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും വീണ്ടും തിരിച്ചുവരുന്ന സാഹചര്യമാണ് ഉണ്ടായതെന്നും ഇവർ ഫേസ്ബുക്കിൽ കുറിച്ചു.

സംഘടനയിൽ നിന്നുള്ള തങ്ങളുടെ പടിയിറങ്ങൽ ഒരു പിന്മാറ്റമല്ലെന്നും, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും നടിമാർ വ്യക്തമാക്കി. ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം അതിലെ വ്യക്തികളല്ല, മറിച്ച് അതിന്റെ വിശ്വാസയോഗ്യതയാണെന്ന് രേവതി കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top