റിയാദ്: തങ്ങളുടെ രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് തക്കതായ തിരിച്ചടി നൽകാൻ സൗദി അറേബ്യക്ക് പൂർണ്ണ അവകാശമുണ്ടെന്നും, ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണിശമായി നേരിടുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം കനക്കുന്നതിനിടെ, യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയ്ക്ക് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തി.
വടക്കൻ യെമനിലേക്ക് മാനുഷിക സഹായങ്ങളും ചരക്കുകളും എത്തിക്കുന്നതിനുള്ള പ്രധാന കവാടവും ഹൂതികളുടെ സാമ്പത്തിക ശക്തികേന്ദ്രവുമാണ് ഹുദൈദ തുറമുഖം. ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ അങ്ങേയറ്റം “ഭീരുത്വവും ഉത്തരവാദിത്തമില്ലാത്തതുമായ” നടപടിയാണെന്ന് സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. മേഖലയിലെ സംഘർഷങ്ങൾ വൻതോതിൽ വർദ്ധിപ്പിച്ചത് ഹൂതികളാണെന്നും അദ്ദേഹം ആരോപിച്ചു.
















