swayamvara
pulimoottil

എസ് ബി അസംപ്ഷന്‍ അലുംനി പ്രഥമ ദേശീയകണ്‍വെന്‍ഷന്‍ പ്രൗഢോജ്വലമായി

എസ് ബി അസംപ്ഷന്‍ അലുംനി പ്രഥമ ദേശീയകണ്‍വെന്‍ഷന്‍ പ്രൗഢോജ്വലമായി

തോമസ് ഡിക്രൂസ്

ചിക്കാഗോ: ഗൃഹാതുരത്വത്തിന്റെയും കൂട്ടായ്മയുടെയും ആര്‍ദ്ര സ്മരണകള്‍ ആവോളമുണര്‍ത്തി പുരാതന കലാലയങ്ങളായ ചങ്ങനാശേരി സെയിന്റ് ബെര്‍ക്ക്മാന്‍സ്, അസ്സെംപ്ഷന്‍ കോളേജ് പൂര്‍വ്വവിദ്യാര്‍ഥികള്‍ അമേരിക്കയില്‍ സംഘടിപ്പിച്ച പ്രഥമ ദേശീയകണ്‍വെന്‍ഷന്‍ പ്രൗഢോജ്വലമായി പര്യവസാനിച്ചു. ജൂലൈ ഒന്‍പതാം തീയതി വ്യാഴാഴ്ച ചിക്കാഗോയില്‍ നടന്ന സമ്മേളനം എസ് ബി കോളേജിന്റെ പ്രമുഖ പൂര്‍വ്വവിദ്യാര്‍ഥികളായ കര്‍ദിനാള്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആര്‍ച്ചു ബിഷപ്പ് അഭിവന്ദ്യ മാര്‍ തോമസ് തറയില്‍, കേരള ഗവ പ്രിന്‍സിപ്പല്‍ സെക്രെട്ടറി രാജു നാരായണസ്വാമി ഐഎഎസ്, എസ് ബി, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഭദ്രദീപം തെളിച്ചുകൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാത്യു ദാനിയേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ആര്‍ച്ചു ബിഷപ്പിന്റെ തങ്ങള്‍ക്ക് ലഭിക്കുന്ന നിരന്തര പ്രോത്സാഹനത്തിനു നന്ദി പറഞ്ഞുകൊണ്ട് കണ്‍വന്‍ഷന്റെ ഉന്നതലക്ഷ്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

കര്‍ദിനാള്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട് സമ്മേളനം ഉത്ഘാടനം ചെയ്തു. ജീവിതം മൂല്യവത്തായി രൂപപ്പെടുത്തുന്നതില്‍ എസ് ബി കോളേജ് വിദ്യാഭ്യാസം തന്റെ ജീവിതത്തില്‍ വഹിച്ച പങ്ക് നിസ്തുലവനും അവിസ്മരണീയവുമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. ഭവനം എന്ന സങ്കല്‍പം സ്വന്തം വീടിന്റെ മതില്‍കെട്ടിനു പുറത്തു വിശാലമായ മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മേഖലയിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് മനസിലാക്കാന്‍ അഞ്ചു വര്‍ഷത്തെ കോളജ് പഠനം തന്നെ സഹായിച്ചു. കാത്തലിക് സ്റ്റുഡന്റസ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തങ്ങള്‍ അക്കാലത്തു എസ് ബി കോളേജില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും പില്‍ക്കാലത്തു ഫ്രാന്‍സിസ് മാര്‍പ്പായുടെ യാത്രാദൗത്യങ്ങള്‍ കാര്യക്ഷമമായും ഫലപ്രദമായും നിര്‍വ്വഹിക്കാന്‍ വേണ്ട ഊര്‍ജ്ജവും പ്രചോദനവും തനിക്കു നല്‍കി. ജീവിതത്തില്‍ സ്വത്ത് സമ്പാദനത്തിലുപരി സഹജീവികളെ കാരുണ്യപൂര്‍വ്വം സഹായിക്കാനുള്ള മനോഭാവവും ജ്ഞാനവും തേടാന്‍ പൂര്‍വ്വ വിദ്യാര്‍ഥികളെ കര്‍ദ്ദിനാള്‍ ആഹ്വനം ചെയ്തു.

ആര്‍ച്ചു ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. നഗരങ്ങളില്‍ മാത്രം ഉന്നതവിദ്യാഭ്യാസം സംലഭ്യമായിരുന്ന ഒരുകാലത്തു ഗ്രാമീണമേഖലയില്‍ വിദ്യാഭ്യാസരംഗത്തു മികവാര്‍ന്ന സേവനത്തിന് ആര്‍ ശങ്കര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി ബഹുമതികള്‍ സ്വന്തമാക്കി നമ്മുടെ കോളേജുകള്‍ ശ്രദ്ധേയമായത് അഭിമാനകരമാണെന്ന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് മത്സരപ്രവണത പ്രകടമാകുന്ന ഇക്കാലത്തു പൂര്‍വ്വവിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവവും വൈദഗ്ധ്യവും സമയവും മാതൃകലാലയങ്ങള്‍ക്ക് നിര്‍ലോഭം നല്‍കികൊണ്ട് അവയെ നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റ ആവശ്യമാണ്. അതിനായി അമേരിക്കയില്‍ പൂര്‍വ്വവിദ്യാര്‍ഥി സാന്നിധ്യമുള്ള എല്ലാ സ്റ്റേറ്റുകളിലും എസ് ബി അസംപ്ഷന്‍ അലുംനി ചാപ്റ്ററുകള്‍ സ്ഥാപിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു.

എസ് ബി കോളജ് വിദ്യാഭ്യാസം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഓര്‍മ്മകളാണ് തന്നില്‍ ഉണര്‍ത്തുന്നതെന്ന് എസ് ബി കോളേജിലെ തന്റെ പഠനകാലം സ്മരിച്ചുകൊണ്ട് രാജു നാരായണസ്വാമി ഐ എ എസ് പറഞ്ഞു. പദ്യശകലങ്ങളാല്‍ സമ്പന്നമായ അദ്ദേഹത്തിന്റെ പ്രസംഗം സദസ്സ് സാകൂതം ശ്രവിച്ചു.

എസ് ബി കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ ടെഡി തോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ റാണി മരിയ തോമസ്, എസ് ബി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ ഡോ ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ആശംസാപ്രഭാഷണങ്ങള്‍ നടത്തി. ചിക്കാഗോ യൂണിറ്റ് പ്രസിഡന്റ് ഡോ മനോജ് നേര്യംപറമ്പില്‍ സ്വാഗതം പറഞ്ഞു.മെഡിക്കല്‍, എഞ്ചിനീറിങ്, നേഴ്‌സിങ്, ശാസ്ത്ര സാങ്കേതികം, ബിസിനസ്സ് , സ്റ്റേറ്റ് സര്‍വീസ്, അധ്യാപനം എന്നീ മേഖലകളില്‍ അമേരിക്കയില്‍ ഉന്നതനിലയില്‍ സേവനം ചെയ്തു വ്യക്തിമുദ്ര പതിപ്പിച്ച തെരെഞ്ഞെടുക്കപ്പെട്ട പൂര്‍വ്വവിദ്യാര്‍ഥികളെ കണ്‍വെന്‍ഷനില്‍ ആദരിച്ചു. കണ്‍വെന്‍ഷനോട് അനുബന്ധിച്ചു പുറത്തിറക്കിയ സുവനീര്‍ ജോര്‍ജ്ജ് ജോസഫ് വിലങ്ങോലിനു കോപ്പി നല്‍കി അഭിവന്ദ്യപിതാക്കന്മാര്‍ നിര്‍വഹിച്ചു. സീനിയര്‍ അലുമ്നസും കണ്‍വെന്‍ഷന്‍ ഗ്രാന്‍ഡ് സ്‌പോണ്‍സറുമായ ഡോ വിന്‍സെന്റ് കുട്ടംപേരൂരി(വിസ്‌കോണ്‍സിന്‍)നെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

റവ ഫാ കെ കെ കുര്യാക്കോസ് രചിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം അഭിവന്ദ്യ പിതാക്കന്മാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടന്നു. എസ് ബി, അസംപ്ഷന്‍ കോളജ് ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച ദേശീയ കൗണ്‍സിലിനെ അഭിവന്ദ്യപിതാക്കന്മാരും പ്രിന്‍സിപ്പല്‍മാരും അഭിനന്ദിച്ചു.
സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളായ പ്രൊഫ ജെയിംസ് ഓലിക്കര, തോമസ് ഡിക്രൂസ്, ദയാലു ജോസഫ്, ജോര്‍ജ്ജ് ജോസഫ്, കാര്‍മല്‍ തോമസ്, ടോം പെരുമ്പായില്‍, ബോബന്‍ കളത്തില്‍, ഷിബു അഗസ്റ്റിന്‍, ലീല മാരേട്ട് എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കിയത്. അമ്പിളി ജോര്‍ജ്ജ്, പിന്റോ കണ്ണമ്പള്ളി എന്നിവര്‍ എംസിമാരായിരുന്നു. ഡോ ബിന്ദു ജോര്‍ജ്ജ് ടോബിയാസ് നന്ദി പറഞ്ഞു. അലുമ്നിയുടെ അടുത്ത ദേശീയ കണ്‍വെന്‍ഷന്‍ 2028 ല്‍ ന്യൂജേഴ്‌സിയില്‍ വച്ച് നടത്തും.

SB Assumption Alumni’s First National Convention a Grand Success

Share Email
Top