ന്യൂയോര്‍ക്കിലെ ആദ്യ വനിതാ സെനറ്റ് നേതാവ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ് അന്തരിച്ചു; വിടവാങ്ങിയത് 76-ാം വയസ്സില്‍

ന്യൂയോര്‍ക്കിലെ ആദ്യ വനിതാ സെനറ്റ് നേതാവ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ് അന്തരിച്ചു; വിടവാങ്ങിയത് 76-ാം വയസ്സില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാന സെനറ്റിലെ ആദ്യ വനിതാ നേതാവും ആദ്യ കറുത്ത വര്‍ഗക്കാരിയുമായ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട്കസിന്‍സ് (76) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 2006 മുതല്‍ സെനറ്റില്‍ അംഗമായിരുന്ന അവര്‍ നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. ഈ മാസം പകുതിയോടെ ഡെമോക്രാറ്റിക് പാര്‍ട്ടി വീണ്ടും നേതൃസ്ഥാനത്തേക്ക് അവരെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

2012 മുതല്‍ ന്യൂയോര്‍ക്ക് സെനറ്റിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച സ്റ്റുവര്‍ട്ട്കസിന്‍സ്, 2019ല്‍ പാര്‍ട്ടി സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതോടെയാണ് ഭൂരിപക്ഷ നേതാവായത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ കറുത്തവര്‍ഗക്കാരിയുമെന്ന ചരിത്രനേട്ടവും അവര്‍ സ്വന്തമാക്കി. ന്യൂയോര്‍ക്കിലെ ജനങ്ങള്‍ ആവശ്യപ്പെടുന്ന പുരോഗമനപരമായ ഭരണനേതൃത്വം ഉറപ്പാക്കുമെന്ന് അധികാരമേറ്റപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരുന്നു. ഗവര്‍ണറും സെനറ്റിലെയും അസംബ്ലിയിലെയും നേതാക്കളും ചേര്‍ന്ന് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്ന ‘ത്രീ മെന്‍ ഇന്‍ എ റൂം’ എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ സംവിധാനത്തിലും അവരുടെ വരവ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ചരിത്രപരമായ ഒരു ഘട്ടത്തില്‍ ഈ പദവിയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ അന്ന് പ്രതികരിച്ചിരുന്നു.

സെനറ്റിലെ അധികാരം ഉപയോഗിച്ച് നിരവധി പുരോഗമനപരമായ നിയമനിര്‍മാണങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന കാലത്ത് മുന്നോട്ടുപോകാതിരുന്ന കഞ്ചാവ് നിയമവിധേയമാക്കല്‍, തോക്ക് നിയന്ത്രണ നിയമങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനും വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള നിയമനടപടികള്‍ക്കും അവര്‍ പിന്തുണ നല്‍കി. ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ സംരക്ഷി ക്കുന്നതിനായി സംസ്ഥാന ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിലും സജീവമായി ഇടപെട്ടു. വോട്ടവകാശ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൊലീസ് നടപടികളില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങള്‍ക്കും അവര്‍ മുന്‍ഗണന നല്‍കി.

2020ല്‍ മിനിയാപൊളിസില്‍ ജോര്‍ജ് ഫ്‌ലോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് പരിഷ്‌കരണ നടപടികള്‍ക്ക് സ്റ്റുവര്‍ട്ട്കസിന്‍സ് പിന്തുണ നല്‍കി. ന്യൂയോര്‍ക്ക് പൊലീസിന്റെ നടപടികളില്‍ മക്കളെ നഷ്ടപ്പെട്ട വലേരി ബെല്ലിന്റെയും ഗ്വെന്‍ കാറിന്റെയും പോരാട്ടങ്ങളെ അവര്‍ അഭിനന്ദിച്ചിരുന്നു. ഈ അമ്മമാര്‍ വര്‍ഷങ്ങളായി നടത്തിയ പോരാട്ടങ്ങള്‍ നിയമങ്ങളാക്കി മാറ്റാന്‍ സെനറ്റിലെ അധികാരം ആന്‍ഡ്രിയ ഉപയോഗിച്ചുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്ടണ്‍ അനുസ്മരിച്ചു. 2021ല്‍ ലൈംഗികാതിക്രമ ആരോപണങ്ങളും കോവിഡ് കാലത്ത് നഴ്‌സിംഗ് ഹോമുകളിലെ മരണസംഖ്യ സംബന്ധിച്ച വിവാദവും നേരിട്ട മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ആദ്യ മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവും അവരായിരുന്നു.

ആന്‍ഡ്രിയയുടെ നിര്യാണത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ അനുശോചനം രേഖപ്പെടുത്തി. താന്‍ ഏറെ ആദരിച്ചിരുന്ന നേതാവിന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്നുവെന്ന് അവര്‍ പ്രതികരിച്ചു. അവരുടെ സ്മരണാര്‍ഥം സംസ്ഥാനത്തെ ഔദ്യോഗിക കെട്ടിടങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാനും ഗവര്‍ണര്‍ ഉത്തരവിട്ടു. 2019 മുതല്‍ ഡെമോക്രാറ്റിക് ലെജിസ്ലേറ്റീവ് കാമ്പെയ്ന്‍ കമ്മിറ്റി ബോര്‍ഡ് അധ്യക്ഷയായിരുന്ന ആന്‍ഡ്രിയ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റിക് നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് കമ്മിറ്റി പ്രസിഡന്റ് ഹെതര്‍ വില്യംസ് അനുസ്മരിച്ചു. ന്യൂയോര്‍ക്ക് നഗരത്തിലെ പൊതുഭവന ങ്ങളിലായിരുന്നു ആന്‍ഡ്രിയയുടെ ബാല്യം. അധ്യാപിക, മാര്‍ക്കറ്റിങ് വിദഗ്ധ, പേഴ്‌സണല്‍ മാനേജര്‍, യോങ്കേഴ്‌സ് നഗരത്തിലെ ഉദ്യോഗസ്ഥ, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി നിയമനിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 2006ല്‍ സെനറ്റിലെത്തിയത്. 2007ല്‍ ഭര്‍ത്താവ് തോമസ് കസിന്‍സ് അന്തരിച്ചിരുന്നു. മക്കളായ കെവിന്‍, സ്റ്റീവന്‍, കാന്‍ഡിസ് എന്നിവരും സഹോദരന്‍ റോബര്‍ട്ട് സ്റ്റുവര്‍ട്ട് ജൂനിയറും ഉള്‍പ്പെടെയുള്ളവരാണ് കുടുംബാംഗങ്ങള്‍.

Andrea Stewart-Cousins, the first female Senate Leader of New York, has passed away; she was 76.

Share Email
LATEST excelnclexrn
More Articles
Top