pulimoottil

മിസൂരിയില്‍ കനത്ത വെള്ളപ്പൊക്കം: സ്ഥംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു: 90ലധികം പേരെ രക്ഷപ്പെടുത്തി

മിസൂരിയില്‍ കനത്ത വെള്ളപ്പൊക്കം: സ്ഥംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു: 90ലധികം പേരെ രക്ഷപ്പെടുത്തി

മിസൂരി: മിസൂരിയില്‍ കനത്തമഴയും വെള്ളപ്പൊക്കവും. മിന്നല്‍പ്രളയത്തില്‍ അകപ്പെട്ട ഡസണ്‍ കണക്കിന് ആളുകളെ രക്ഷപെടുത്തി. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അഭയംതേടിയ നിരവധി ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു. മിന്നല്‍ പ്രളയത്തില്‍ നിന്നും രക്ഷപെടാനായി കെട്ടിടത്തിന്റെ മുകളില്‍ കയറിയ ആളുകള്‍ കെട്ടിടം തകര്‍ന്ന് വെള്ളത്തിലേക്ക് പതിക്കാവുന്ന സാഹചര്യമാണ് ഉണ്ടായത്. ഈ ഘട്ടത്തില്‍ ഇവരെ രക്ഷപെടുത്താന്‍ സാധിച്ചതായി മിസൂരി സ്റ്റേറ്റ് ഹൈവേ പട്രോള്‍ പുറത്തിറക്കിയ അറിയിപ്പില്‍ സ്തിരീകരിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയവരേയും വാഹനയാത്രികരും ഉള്‍പ്പെടെ 90-ലധികം പേരെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

ബിയര്‍കാറ്റ് ഗെറ്റവേ ക്യാമ്പ് ഗ്രൗണ്ടില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്ന അഞ്ച് ക്യാമ്പര്‍മാരെയും പിന്നീട് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ മിന്നല്‍വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മിസൂരി ഗവര്‍ണര്‍ മൈക്ക് കെഹോ വെള്ളിയാഴ്ച സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ ഉണ്ടായ ശക്തമായ മഴയും കൊടുങ്കാറ്റും മിസൂരിയിലെ നിരവധി മേഖലകളില്‍ അപകടകരമായ മിന്നല്‍വെള്ളപ്പൊക്കത്തിന് കാരണമായി. സംസ്ഥാന അടിയന്തര പ്രവര്‍ത്തന പദ്ധതി സജീവമാക്കിയതിലൂടെ വിവിധ ഏജന്‍സികള്‍ക്ക് വേഗത്തില്‍ ഏകോപിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ ആഴ്ച്ച അവസാനം വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അതിനാല്‍ അപകടസാധ്യത അവസാനിച്ചിട്ടില്ല. ക്യാമ്പിങ് നടത്തുകയോ നദികളിലോ അരുവികളിലോ സമയം ചെലവഴിക്കുകയോ ചെയ്യുന്നവര്‍ സുരക്ഷിതമായ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും വേണം,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പുലര്‍ച്ചെ 2.30ഓടെയാണ് ക്യാമ്പിംഗിനു പോയ നിരവധിപ്പേര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയെന്ന അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് മിസൂരി സ്റ്റേറ്റ് ഹൈവേ പട്രോള്‍ അറിയിച്ചു.

അയണ്‍, റെയ്‌നള്‍ഡ്‌സ് കൗണ്ടികളിലെ ചില ഭാഗങ്ങളില്‍ ഏഴു മുതല്‍ 12 ഇഞ്ച് വരെ മഴ ലഭിച്ചു. ലെസ്റ്റര്‍വില്ലിലെ ബ്ലാക്ക് നദിയില്‍ ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പ് എട്ട് അടി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഈ വെള്ളം അന്നാപൊളിസ് ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയതോടെ അവിടെയും ജലനിരപ്പ് അതിവേഗം ഉയര്‍ന്നു.ജോണ്‍സണ്‍സ് ഷട്ട്-ഇന്‍സ്, ടോം സോക്ക് മൗണ്ടന്‍ സ്റ്റേറ്റ് പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വൈബര്‍ണം, അന്നാപൊളിസ്, ഗ്ലോവര്‍, ഓട്‌സ്, ബിക്‌സ്ബി, ലെസ്റ്റര്‍വില്‍, ബ്ലാക്ക്, ഹോഗന്‍, ക്ലോറൈഡ്, സാബുല എന്നിവിടങ്ങളിലും മുന്നറിയിപ്പ് തുടരുകയാണ്.

ഒഹായോ മേഖലയിലും വടക്കുകിഴക്കന്‍ ഉള്‍പ്രദേശങ്ങളിലേക്കും കനത്ത മഴയും കൊടുങ്കാറ്റും തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. പെന്‍സില്‍വാനിയ മുതല്‍ ടെന്നസി വരെയും പടിഞ്ഞാറ് മിസൂരി വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലെ 2.1 കോടിയിലധികം ആളുകള്‍ക്കായി വെള്ളപ്പൊക്ക നിരീക്ഷണ മുന്നറിയിപ്പും നിലവിലുണ്ട്.

Severe flooding in Missouri: State of emergency declared; over 90 people rescued.

Share Email
LATEST excelnclexrn
Top