നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള നിരാഹാര സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ നിബന്ധനകൾ വെച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റാമെന്നുമുള്ള ഉറപ്പുകൾ പാലിക്കണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, സംഭവത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന വാഗ്ദാനം അടിയന്തരമായി നടപ്പാക്കിയാൽ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാൻ സി.ജെ.പി. നേതൃത്വം അഭ്യർത്ഥിച്ചു. വാങ്ചുക്കിന്റെ ജീവൻ പരമപ്രധാനമാണെന്നും ഈ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും സി.ജെ.പി. നേതാവ് അഭിജിത് ദീപ്കെ പറഞ്ഞു. എന്നാൽ ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ തങ്ങളുടെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.
അതേസമയം, സി.ജെ.പി-കേന്ദ്രസർക്കാർ ചർച്ചയ്ക്കുള്ള സാധ്യതകൾ അടയുകയാണ്. ഔദ്യോഗിക വസതികളിലോ ഓഫീസുകളിലോ വെച്ചുള്ള ചർച്ചയ്ക്ക് ഇനി തങ്ങളില്ലെന്ന് സി.ജെ.പി. വക്താവ് സൗരവ് ദാസ് അറിയിച്ചു. മുൻപ് ചർച്ചയ്ക്ക് പോയപ്പോൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയ സമരക്കാർ, കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പോലുള്ള നിഷ്പക്ഷ വേദി ലഭിച്ചാൽ മാത്രമേ ഇനി ചർച്ചയ്ക്കുള്ളൂവെന്ന നിലപാടിലാണ്.














