വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാന്‍റെ പ്രഖ്യാപനം തള്ളി യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ രംഗത്ത്. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഇരുവശങ്ങളിലേക്കുമുള്ള കപ്പൽ ഗതാഗതത്തിനായി ഒമാന്റെ തെക്കൻ പാത ഇപ്പോഴും ലഭ്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് നിയമപരമായ വാണിജ്യ പ്രവർത്തനങ്ങൾ സംരക്ഷിക്കാനും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്താനും യു.എസ് സഖ്യസേന പൂർണ്ണ സജ്ജമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഞായറാഴ്ച പുറത്തിറക്കിയ പ്രത്യേക നിർദ്ദേശത്തിലാണ് ഒമാൻ പാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയത്.
കടലിടുക്ക് തുറന്നുതന്നെയാണ് ഉള്ളതെങ്കിലും ഈ മേഖലയിലെ സുരക്ഷാ ഭീഷണി ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നേരത്തെ, അനുമതിയില്ലാത്ത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടി ഉതിർത്ത ശേഷം തങ്ങൾ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ ആശങ്കയകറ്റി യു.എസ് നാവികസേനയുടെ സ്ഥിരീകരണം വന്നിരിക്കുന്നത്.
















