വിന്‍കോസിന്‍: യുഎസിലെ വിന്‍കോസിനില്‍ സംഹാരതാണ്ഡവമാടി ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശം. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗവര്‍ണര്‍ ടോണി ഇവേഴ്‌സ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വീശിയടിച്ച ഇഎഫ് ത്രി വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് ആപ്പിള്‍ട്ടണ്‍, മെനാഷ എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി.
ദേശീയ കാലാവസ്ഥാ സേവനത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം മണിക്കൂറില്‍ 225 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ് വീശിയത്. ഔട്ടഗമി, വിന്നിബാഗോ കൗണ്ടികളിലൂടെ 12 മൈല്‍ ദൂരം സഞ്ചരിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീഴുകയും ചെയ്തു. പൊതുജലവിതരണ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച വിസ്‌കോണ്‍സിനിലും ഇല്ലിനോയിസിലുമായി നാല് ലക്ഷത്തിലധികം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഇത് ഏകദേശം 2.48 ലക്ഷമായി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും നാശനഷ്ടങ്ങളുടെ വിലയിരുത്തലും തുടരുകയാണ്. അത്യാവശ്യമല്ലെങ്കില്‍ മെനാഷ നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. റോഡുകളില്‍ വീണുകിടക്കുന്ന മരങ്ങളും വൈദ്യുതിക്കമ്പങ്ങളും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Tornado wreaks havoc in Wisconsin; state of emergency declared.














