pulimoottil

ഇറാനെതിരേയുളള ആക്രമണം മാരകമാക്കി അമേരിക്ക: ലക്ഷ്യമിട്ടത് 80 കേന്ദ്രങ്ങള്‍; മുന്‍ ആക്രമണങ്ങളേക്കാള്‍ അഞ്ചുമടങ്ങ് വരെ ശക്തിയില്‍ ആക്രമണം

ഇറാനെതിരേയുളള ആക്രമണം മാരകമാക്കി അമേരിക്ക: ലക്ഷ്യമിട്ടത് 80 കേന്ദ്രങ്ങള്‍; മുന്‍ ആക്രമണങ്ങളേക്കാള്‍ അഞ്ചുമടങ്ങ് വരെ ശക്തിയില്‍ ആക്രമണം

ടെഹ്‌റാന്‍: ഇറാനെതിരേയുള്ള ആക്രമണം അതിശക്തമാക്കി അമേരിക്ക. ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് ചരക്കു കപ്പലുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാരോപിച്ചാണ് അമേരിക്ക തിരിച്ചടി ആരംഭിച്ചത്. ഹോര്‍മുസ് കടലിടുക്കിനു സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണം, പത്ത് ദിവസം മുമ്പ് നടത്തിയ ആക്രമണത്തേക്കാള്‍ നാലോ അഞ്ചോ മടങ്ങ് വ്യാപ്തിയും ശക്തിയുമുള്ളതായിരുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായതായി അമേരിക്ക ആരോപിക്കുന്ന പുതിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഈ സൈനിക നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം മണിക്കൂറുകളോളം തുടര്‍ന്നേക്കാമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയ സമയത്താണ് ആക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്. മൂന്ന് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇറാനിയന്‍ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താല്‍ക്കാലിക ഉപരോധ ഇളവ് അമേരിക്ക ഇതിനകം പിന്‍വലിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് തെഹ്‌റാനിനുമേല്‍ വാഷിങ്ടണ്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്.

ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷമുള്ള ഏറ്റവും ശക്തമായ അമേരിക്കന്‍ ആക്രമണമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ആഴ്ച മുമ്പ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം ( ഇതോടെ ഗുരുതര പ്രതിസന്ധിയിലായതായും വിലയിരുത്തപ്പെടുന്നു.

ആക്‌സിയോസ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഉപരിതലത്തില്‍ നിന്ന് ആകാശത്തേക്കുള്ള മിസൈല്‍ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ റഡാറുകള്‍, കപ്പല്‍വിരുദ്ധ ക്രൂയിസ് മിസൈല്‍ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.

ബന്ദര്‍ അബ്ബാസ്, സിറിക് തുറമുഖ നഗരങ്ങള്‍, ഖെഷ്ം ദ്വീപ് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഖെഷ്മില്‍ ആറ് തവണയും സിറിക്കില്‍ ഒന്‍പത് തവണയും ബന്ദര്‍ അബ്ബാസില്‍ പത്ത് തവണയെങ്കിലും സ്ഫോടന ശബ്ദം കേട്ടു.

അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ 80-ലധികം ലക്ഷ്യങ്ങള്‍ കൃത്യതയാര്‍ന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചതായി അറിയിച്ചു.

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ശൃംഖല, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, കപ്പല്‍വിരുദ്ധ മിസൈല്‍ സംവിധാനങ്ങള്‍, കൂടാതെ ഹോര്‍മുസ് കടലിടുക്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ 60ലധികം ചെറു ബോട്ടുകള്‍ എന്നിവ ആക്രമണത്തില്‍ തകര്‍ത്തതായി സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, നാറ്റോ ഉച്ചകോടിക്കായി തുര്‍ക്കിയിലുള്ളപ്പോഴാണ് ് ഈ ആക്രമണ പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.’ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച നിരപരാധികളായ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് നേരിട്ടുള്ള മറുപടിയാണിതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


അമേരിക്കയുടെ ആക്രമണത്തെ ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാ ര്‍ട്ടേഴ്‌സ് ശക്തമായി അപലപിച്ചു. മുന്‍ പരമോന്നത നേതാവിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട പൊതുദര്‍ശന ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്നും ഇത് ‘പരസ്യമായ ആക്രമണ നടപടിയാണെന്നും’ ഇറാന്‍ ആരോപിച്ചു.

US escalates attack on Iran: 80 targets hit; retaliatory strike up to five times more powerful than previous attacks.

Share Email
LATEST excelnclexrn
Top