വാഷിംഗ്ടൺ: പണനയ സമിതി ഉടച്ചുവാർക്കാനും സുതാര്യത ഉറപ്പാക്കാനുമായി അഞ്ച് പ്രത്യേക സമിതികൾ രൂപീകരിച്ച് യു.എസ് ഫെഡറൽ റിസർവ്. പുതിയ ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിലാണ് നടപടികൾ. ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വംശജർ വിവിധ ദൗത്യസംഘങ്ങളിൽ പ്രധാന ചുമതലകൾ വഹിക്കും.
രഘുറാം രാജൻ ‘ബാലൻസ് ഷീറ്റ് പോളിസി ടാസ്‌ക് ഫോഴ്‌സി’ലാണ് പ്രവർത്തിക്കുക. ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞയായ കാരെൻ ഡൈനാൻ, മുൻ ഫെഡറൽ റിസർവ് ഗവർണർ ജെറമി സ്റ്റീൻ എന്നിവരും ഇതിൽ അംഗങ്ങളാണ്. ഫെഡറൽ റിസർവിന്റെ ആസ്തി കൈവശം വെയ്ക്കൽ, പണനയത്തിലെ പങ്ക്, ബാലൻസ് ഷീറ്റിന്റെ ചെലവുകൾ എന്നിവ പരിശോധിക്കലാണ് പ്രധാന ദൗത്യം.
ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറായ രാജ് ഷെട്ടി ‘ഡാറ്റാ ടാസ്‌ക് ഫോഴ്‌സ്’ കോ-ലീഡറായി പ്രവർത്തിക്കും. സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന വിവരങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ആശാ ശർമ്മ ‘പ്രൊഡക്ടിവിറ്റി ആൻഡ് ജോബ്‌സ് ടാസ്‌ക് ഫോഴ്‌സിൽ’ അംഗമായി തൊഴിൽ മേഖലയിൽ എ.ഐ വരുത്തുന്ന സ്വാധീനം വിലയിരുത്തും.
മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മെർവിൻ കിംഗ്, നോബൽ സമ്മാന ജേതാവ് തോമസ് സർജന്റ് തുടങ്ങിയ പ്രമുഖരും സമിതികളിൽ ഭാഗമാണ്. സാമ്പത്തിക നയരൂപീകരണത്തിൽ പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരാനും ആഗോള സാമ്പത്തിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും ഈ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.














