വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിൽ സൈനിക ആക്രമണങ്ങൾ വീണ്ടും ശക്തിപ്പെട്ടതോടെ അമേരിക്കയിൽ ഇന്ധനവില ക്രമാതീതമായി ഉയരുന്നു. പെട്രോളിന്റെ ശരാശരി വില ഗാലന് (Gallon) വീണ്ടും 4 ഡോളറിലേക്ക് ഉയർന്നതായി അമേരിക്കൻ മോട്ടോർ ക്ലബ് ഫെഡറേഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഗാലന് 3.14 ഡോളറായിരുന്നു ശരാശരി വില. ദേശീയ ശരാശരിയാണ് 4 ഡോളറായി കണക്കാക്കിയിരിക്കുന്നത്.
അതിനാൽ പ്രാദേശിക ഇന്ധന ലഭ്യത, സംസ്ഥാന നികുതി വ്യത്യാസങ്ങൾ എന്നിവ കാരണം ചില സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾ മുൻപേ തന്നെ 4 ഡോളറിലധികം നൽകേണ്ടി വന്നിട്ടുണ്ട്, എന്നാൽ മറ്റുചില സംസ്ഥാനങ്ങളിൽ കുറവുമാണ്. അമേരിക്കയ്ക്ക് പുറമെ ലോകമെമ്പാടുമുള്ള ജനങ്ങളും യു.എസ്-ഇസ്രായേൽ സമരം സൃഷ്ടിച്ച ഈ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നുണ്ട്.
മാർച്ച് അവസാനത്തോടെയാണ് അമേരിക്കയിൽ ഇന്ധനവില ആദ്യമായി 4 ഡോളർ കടന്നത്. തുടർന്ന് ജൂൺ പകുതിയോടെ യു.എസും ഇറാനും താത്കാലിക ധാരണയിലെത്തിയപ്പോൾ ക്രൂഡ് ഓയിൽ വില കുറയുകയും ഇന്ധനവിലയും താഴേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞ തോതിൽ ഇന്ധനവില താഴാത്തതിൽ മുൻപ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരുന്ന നവംബറിൽ നടക്കുന്ന അമേരിക്കൻ മിഡ്‌ടേം (മിഡ്-ടേം) തിരഞ്ഞെടുപ്പിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധനവിലയും വോട്ടർമാർക്കിടയിൽ പ്രധാന ചർച്ചാവിഷയമാകാനാണ് സാധ്യത.
















