വാഷിംഗ്ടൺ/റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ യുഎസ് നിർമ്മിത റൈഫിളുകളേന്തിയ തീവ്ര ജൂത കുടിയേറ്റക്കാർ തങ്ങളെ തടഞ്ഞുവെച്ചതായി യു.എസ് കോൺഗ്രസ് അംഗം റോ ഖന്ന. കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗവും പ്രോഗ്രസീവ് നേതാവുമായ റോ ഖന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ഈ അനുഭവം വെളിപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച തെക്കൻ വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ ആക്രമണം പതിവായ ഒരു പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
“ജൂത കുടിയേറ്റക്കാർ ആക്രമിച്ചു തകർത്ത, അവിടുത്തെ സ്കൂൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ട ഒരു ഫലസ്തീൻ ഗ്രാമം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു ഞങ്ങൾ. ആ സമയത്താണ് എം.4 ഇനത്തിൽപ്പെട്ട അമേരിക്കൻ നിർമ്മിത മെഷീൻ ഗണ്ണുകളുമായി ഈ ഗുണ്ടകൾ അവിടേക്ക് പാഞ്ഞെത്തിയത്,” റോ ഖന്ന പറഞ്ഞു. തുടർന്ന് അക്രമികൾ തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം വളയുകയും റോഡ് തടസ്സപ്പെടുത്തി തങ്ങളെ തടഞ്ഞുവെക്കുകയും ചെയ്തു. അതിനുശേഷം ഇവർ ഇസ്രായേൽ സൈന്യത്തെ വിളിച്ചുവരുത്തിയെന്നും, സ്ഥലത്തെത്തിയ ഇസ്രായേൽ സൈന്യം അമേരിക്കൻ പൗരന്മാരായ തങ്ങളുടെ ഭാഗത്ത് നിൽക്കുന്നതിന് പകരം അക്രമികളായ കുടിയേറ്റക്കാരെയാണ് പിന്തുണച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേൽ സൈന്യം തങ്ങളെ തുടർന്നും തടഞ്ഞുവെച്ചുവെന്നും അവർക്ക് വലിയൊരു തെറ്റാണ് പറ്റിയതെന്നും റോ ഖന്ന പിന്നീട് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
റോ ഖന്നയോടൊപ്പം സംഘത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായി കാമറൂൺ കാസ്കി പറയുന്നതനുസരിച്ച്, ഒരു മണിക്കൂറിലധികം നേരം തങ്ങളെ അവിടെ തടഞ്ഞുവെച്ചിരുന്നു. സഹായത്തിനായി ജറുസലേമിലെ യു.എസ് എംബസിയെ അവർ അടിയന്തിരമായി ബന്ധപ്പെടുകയും ചെയ്തു. ഒടുവിൽ ഇസ്രായേൽ പോലീസ് എന്ന് തോന്നിക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് തങ്ങൾക്ക് അവിടെനിന്ന് മോചനം സാധ്യമായതെന്ന് കാസ്കി വ്യക്തമാക്കി. വെസ്റ്റ് ബാങ്കിൽ അമേരിക്കൻ ഭരണകർത്താക്കൾക്ക് നേരെ പോലും കുടിയേറ്റക്കാർ അക്രമണം അഴിച്ചുവിടുന്നത് വൻ നയതന്ത്ര ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
















