വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ കഴിഞ്ഞ ആഴ്ച ഇറാൻ നടത്തിയ മൂന്ന് ഘട്ട ആക്രമണങ്ങളിൽ നിരവധി യുഎസ് സൈനികർക്ക് പരിക്കേൽക്കുകയും ഹെലികോപ്റ്ററുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രണ്ടു സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത പ്രധാന ആക്രമണത്തിന് മുൻപാണ് ഈ മൂന്ന് ആക്രമണങ്ങൾ നടന്നത്. എന്നാൽ ഇതിലുണ്ടായ നാശനഷ്ടങ്ങളുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.
“പരിക്കേറ്റ സൈനികരുടെ വിവരങ്ങൾ അപ്പപ്പോൾ പുറത്തുവിടാൻ യു.എസ് സെൻട്രൽ കമാൻഡിന് നിയമപരമായ ബാധ്യതയില്ല, പ്രത്യേകിച്ച് പരിക്കുകൾ നിസ്സാരമാവുകയും അവർ വേഗത്തിൽ സേവനത്തിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്യുമ്പോൾ.”- അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി ഉയർന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ 400-ലധികം യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
















