ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ ദിവസം ചരക്കു കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനു നേര്‍ക്ക് അതിശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി അമേരിക്ക. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇറാനില്‍ ആക്രമണം തുടങ്ങിയതായി വ്യക്തമാക്കി.
ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സൈന്യം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തിയത്. ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസന്‍സ് അമേരിക്ക റദ്ദാക്കിയിരുന്നു.
എന്നാല്‍ അമേരിക്കയുടെ ഇത്തരം ഏകപക്ഷീയമായ സൈനിക നീക്കങ്ങള്‍ പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നുള്ള മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിട്ടുണ്ട്.
US responds to attack on cargo ship in Hormuz: Airstrikes on Iran.
















