എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരണം അല്ലെങ്കിൽ വരണ്ട എന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും താനാണ് എല്ലാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എൻ.എസ്.എസ് കൂട്ടായ്മ നിർമ്മിച്ച മന്നം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശ്ശേരിയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻ.എസ്.എസ് അനുമതി നിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലെ സന്ദർശനം ശരിയല്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് വി.ഐ.പി സന്ദർശനത്തിൽ മാറ്റം വരുത്തേണ്ടി വരികയും വിഷയം വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഉപരാഷ്ട്രപതിയുടെ നിലവിലെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
മന്നം സ്മൃതി എല്ലാവർക്കും വരാനുള്ള ഇടമാണെന്നും അത് ഭാവി തലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്ക് പിന്നിൽ സർക്കാരുകളുടെയും പാർട്ടികളുടെയും മാത്രം ശ്രമമല്ലെന്നും മന്നത്ത് പത്മനാഭന്റെയും ശ്രീനാരായണ ഗുരുവിന്റെയും പ്രയത്നം കൂടിയാണെന്നും ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. ഡൽഹിയിലെ സ്മൃതിമണ്ഡപത്തിൽ ജാതി-മത ഭേദമന്യേ എല്ലാവർക്കും പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
















