pulimoottil

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 5 ആയി, മൺകൂനകൾ മാറ്റാത്തത് വൻ വീഴ്ച; കള്ളാടി തുരങ്കപാത ദുരന്തം മനുഷ്യനിർമ്മിതമെന്ന് മുഖ്യമന്ത്രി

മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 5 ആയി, മൺകൂനകൾ മാറ്റാത്തത് വൻ വീഴ്ച; കള്ളാടി തുരങ്കപാത ദുരന്തം മനുഷ്യനിർമ്മിതമെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട് കള്ളാടി ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. കനത്ത മഴയെത്തുടർന്ന് മീനാക്ഷി പാലത്തിന് സമീപമുള്ള നിർമ്മാണ സ്ഥലത്താണ് വലിയ ദുരന്തമുണ്ടായത്.

തൊഴിലാളികൾ താമസിച്ചിരുന്ന താൽക്കാലിക ക്വാർട്ടേഴ്‌സുകൾക്ക് മുകളിലേക്കാണ് ഭീമാകാരമായ മൺകൂനയും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണത്. അപകടത്തിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തു. പരിക്കേറ്റ ഒമ്പത് പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തുരങ്കപാത പ്രൊജക്റ്റ് സൂപ്പർവൈസർമാരും തൊഴിലാളികളും ഉൾപ്പെടെ ഏഴോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. കാണാതായവർക്കായി അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു.

പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും കട്ടിപ്പേറിയ ചെളിയും ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ദേശീയ ദുരന്തനിവാരണ സേന ,ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ് വിഭാഗങ്ങളും നാട്ടുകാരും സംയുക്തമായാണ് നിലവിൽ ദുരന്തഭൂമിയിൽ ദൗത്യം തുടരുന്നത്.

സുരക്ഷ മുൻനിർത്തി ദുരന്തബാധിത പ്രദേശത്തുനിന്നും ആളുകളെ മാറ്റാനായി ചുള്ളിക്ക ഗവ. എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ കെ. മുരളീധരൻ, എ.പി. അനിൽകുമാർ, ടി. സിദ്ദീഖ് എന്നിവർക്ക് മുഖ്യമന്ത്രി ചുമതല നൽകി.

ദുരന്തം നിർമ്മാണ കമ്പനിയുടെ കടുത്ത വീഴ്ച മൂലമെന്ന് മുഖ്യമന്ത്രി

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലമായ കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അഞ്ച് തൊഴിലാളികൾ മരിക്കാനിടയായ സംഭവം നിർമ്മാണ കമ്പനിയുടെ കടുത്ത വീഴ്ച മൂലമെന്ന് മുഖ്യമന്ത്രി. തുരങ്കം നിർമ്മിക്കുന്നതിനായി ഖനനം ചെയ്തെടുത്ത ടൺ കണക്കിന് മണ്ണ് ശാസ്ത്രീയമല്ലാത്ത രീതിയിൽ മലമുകളിൽ കൂട്ടിയിട്ടതാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങി ദുരന്തത്തിന് കാരണമായത്. കാലവർഷം കടുക്കുന്നതിന് മുൻപ് തന്നെ ഈ മൺകൂനകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ നിർമ്മാണ കമ്പനിയായ കൊങ്കൺ റെയിൽവേയ്ക്ക് രേഖാമൂലം കർശന നിർദേശം നൽകിയിരുന്നതായും, എന്നാൽ കരാറുകാർ ഈ മുന്നറിയിപ്പുകൾ പൂർണ്ണമായി അവഗണിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top