വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും വയനാട് എംപി പ്രിയങ്ക ഗാന്ധിയും കടുത്ത പ്രകൃതിക്ഷോഭത്തിൽ ആഴത്തിലുള്ള വേദന രേഖപ്പെടുത്തി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. മുൻപും വലിയ പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച ചരിത്രമാണ് വയനാടിനുള്ളതെന്നും ഈ വൻ ദുരന്തത്തിലും ഓരോ കുടുംബത്തിനും ഒപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രയാസകരമായ സാഹചര്യത്തിൽ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ ഉടൻ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വയനാട് എംപി പ്രിയങ്ക ഗാന്ധി അറിയിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻഡിആർഎഫും എസ്ഡിആർഎഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് സംഭവസ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, ജില്ലാ ഭരണകൂടം, പ്രാദേശിക പാർട്ടി പ്രവർത്തകർ എന്നിവരുമായി ചേർന്ന് എല്ലാ രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും പ്രിയങ്ക വിശദീകരിച്ചു.
ഭരണകൂടത്തിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ യുഡിഎഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകാത്ത രീതിയിൽ വേണം സഹായങ്ങൾ എത്തിക്കാനെന്നും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഈ ഭയാനകമായ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ച് നിന്ന് ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
















