മുംബൈ: രാജ്യത്തെ സർക്കാർ സ്കൂളുകളുടെ പരിതാപകരമായ അവസ്ഥയിലും അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ കുറവുകളിലും ആശങ്കയറിയിച്ച് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അഭിജിത് ദീപ്കെ. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങൾ ആരംഭിച്ച ‘സ്കൂൾ ടീക് കരോ’ (School Thik Karo) ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കത്ത് അയച്ചിരിക്കുന്നത്.
ഗ്രാമീണ മേഖലകളിലെ പല സർക്കാർ സ്കൂളുകളിലും കുടിവെള്ളം, ശുചിമുറികൾ, ബെഞ്ചുകൾ, സുരക്ഷിതമായ ക്ലാസ് മുറികൾ എന്നിവപോലും ലഭ്യമല്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് അയ്യായിരത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുകയാണെന്നും ദീപ്കെ ആരോപിച്ചു. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
ഇത്തരം വിദ്യാലയങ്ങളുടെ യഥാർത്ഥ അവസ്ഥ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും തിരിച്ചറിയാൻ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും മക്കളെ കുറഞ്ഞത് ഒരു ദിവസമെങ്കിലും ഇത്തരം സർക്കാർ സ്കൂളുകളിൽ പഠിക്കാൻ അയക്കണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15-ന് ആരംഭിച്ച ‘സ്കൂൾ ടീക് കരോ’ പ്രക്ഷോഭത്തിലൂടെ സർക്കാർ വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള സോഷ്യൽ ഓഡിറ്റിംഗ് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

















